നങ്കൂരമിടുന്നതും കാത്ത് നാട്ടകം തുറമുഖം

Wednesday 31 January 2018 2:00 am IST
കോട്ടയം: ജലമാര്‍ഗ്ഗമുള്ള ചരക്ക് നീക്കത്തിനായി കോടികള്‍ ചെലവഴിച്ച് ആരംഭിച്ച നാട്ടകം തുറമുഖ പദ്ധതി ഇപ്പോഴും ശൈശവദശയില്‍ തന്നെ.

 

കോട്ടയം: ജലമാര്‍ഗ്ഗമുള്ള ചരക്ക് നീക്കത്തിനായി കോടികള്‍ ചെലവഴിച്ച് ആരംഭിച്ച നാട്ടകം തുറമുഖ പദ്ധതി ഇപ്പോഴും ശൈശവദശയില്‍ തന്നെ. 

പദ്ധതി ഉദ്ഘാടനം ചെയ്ത് 9 വര്‍ഷം കഴിഞ്ഞിട്ടും ചരക്ക് നീക്കം സുഗമമായി നടത്താനായില്ല. കഴിഞ്ഞ നവംബറില്‍ സ്വകാര്യ കമ്പനിക്ക് വേണ്ടി സിമന്റ് ഇറക്കുമതി ചെയ്തതാണ് ഏക ചരക്ക് നീക്കം. 

തുറമുഖത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഇതോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ചരക്കുകള്‍ ജലമാര്‍ഗ്ഗമുള്ള നീക്കത്തിന്  സഹായകമാകുമെന്നു പ്രതീക്ഷിച്ച തുറമുഖത്തിന്റെ പ്രവര്‍ത്തനം നാമമാത്രമായി്. ഈ നില തുടര്‍ന്നാല്‍ ഇന്ത്യയിലെ ആദ്യ ഉള്‍നാടന്‍ തുറമുഖത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയാണ്.

വാഗ്ദാനങ്ങള്‍ മാത്രം           

കോട്ടയത്തിന്റെ സ്വപ്‌ന പദ്ധതിയായിട്ടാണ് നാട്ടകം തുറമുഖത്തിന് കല്ലിട്ടത്. രണ്ടായിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും നൂറുകണക്കിന് കണ്ടെയ്‌നറുകള്‍ ചരക്കുകളുമായി വരുമെന്നാണ് കൊട്ടിഘോഷിച്ചത്. നാട്ടകവും സമീപ പ്രദേശങ്ങളിലും വലിയ വികസനവും ഉണ്ടാകുമെന്നും പ്രചരിച്ചു. 

എന്നാല്‍ ഇവയെല്ലാം പാഴ് വാക്കായി. മാസത്തില്‍ ഒന്നോ രണ്ടോ തവണ കണ്ടെയ്‌നറുകള്‍ വരും. ജലമാര്‍ഗ്ഗം ഒരു ചരക്കും എത്താറില്ല. ജെട്ടിയുടെയും ബാര്‍ജിന്റെയും നിര്‍മാണത്തിലുണ്ടായ കാലതാമസമാണ് ജലമാര്‍ഗമുള്ള ചരക്കുഗതാഗതം വൈകിപ്പിക്കുന്നത്. 

രണ്ടുഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിക്ക് 48 ഏക്കര്‍ സ്ഥലം ഇനിയും ആവശ്യമുണ്ട്.  ബെര്‍ത്ത് നിര്‍മ്മാണം വീണ്ടും ഇഴയുകയാണ്.

ലക്ഷ്യം പാളി 

വ്യവസായ മന്ത്രിയായിരിക്കെ എളമരം കരീമാണ് 2009ല്‍ നാട്ടകത്തെ പോര്‍ട്ട് ഉദ്ഘാടനം ചെയ്തത്.

49 ശതമാനം സര്‍ക്കാരും 51 ശതമാനം സ്വകാര്യ കമ്പനിയായ പോര്‍ട്ട് ആന്റ് കണ്ടെയ്‌നര്‍ സര്‍വീസും ചേര്‍ന്ന് പത്ത് കോടി രൂപയാണ് തുറമുഖത്തിനായി മുടക്കിയത്. തുറമുഖ-വ്യവസായ വകുപ്പുകള്‍ സംയുക്തമായാണ് കോട്ടയം പോര്‍ട്ട്‌സ് ആന്‍ഡ് കണ്ടെയിനര്‍ ടെര്‍മിനല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചത്.കൊച്ചി തുറമുഖവുമായി ചേര്‍ന്ന് ഒരു കണ്ടെയ്‌നര്‍ ഡിപ്പോ ആക്കി കോട്ടയം തുറമുഖത്തെ മാറ്റുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

ഇതോടെ നിര്‍മാണ മേഖലയിലേക്കുള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ കുറഞ്ഞ ചെലവില്‍ എത്തിക്കാനായിരുന്നു പദ്ധതി.

 

ക്രെയിനില്ല 

ഉദ്ഘാടനം കഴിഞ്ഞ് 9 വര്‍ഷം പൂര്‍ത്തിയായ പോര്‍ട്ടിന് ഇനിയും ഒരു ക്രെയിന്‍ പോലും ലഭ്യമല്ല. തുറമുഖത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനത്തിന് ക്രെയിന്‍ സര്‍വീസ് അത്യന്താപേക്ഷിതമാണ്. ബാര്‍ജിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായാല്‍ പ്രവര്‍ത്തനം സജീവമാകുമെന്ന് ജനറല്‍ മാനേജര്‍ രൂപേഷ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.