തീയും പുകയുമായി മോക് ഡ്രില്‍; ആദ്യം പകച്ചും പിന്നെ ആശ്വസിച്ചും ജനം കണ്ണൂര്‍: തളിപ്പറമ്പിനും ധര്‍മ്മശാലക്കുമിടയില്‍

Tuesday 30 January 2018 10:24 pm IST

 കുറ്റിക്കോല്‍ ദേശീയ പാതയില്‍ പാലത്തിനു സമീപം പെട്രോള്‍ ടാങ്കറിന് തീപ്പിടിച്ചതായി വാര്‍ത്ത പരന്നു. ലോറി ജീവനക്കാരും വഴിയാത്രക്കാരുമായ ഏതാനും പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മിനുട്ടുകള്‍ക്കകം തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്‌സും ആംബുലന്‍സും കുതിച്ചെത്തി. പരിക്കേറ്റവരുമായി ആംബുലന്‍സ് തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലേക്ക്. കെമിക്കല്‍ ഫോം ഉപയോഗിച്ച് പെട്രോള്‍ ടാങ്കറിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം തുടങ്ങി. തളിപ്പറമ്പ് പോലീസെത്തി ഇരുഭാഗങ്ങളിലും റോഡ് ഗതാഗതം തടഞ്ഞു. ഏതാനും സമയത്തിനകം ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 

തീപ്പിടിത്തമുള്‍പ്പെടെ ദുരന്തങ്ങളെ നേരിടാന്‍ ജില്ലയിലെ ഔദ്യോഗിക സംവിധാനങ്ങള്‍ എത്രമാത്രം സജ്ജമാണെന്ന് പരിശോധിക്കാന്‍ ജില്ലാഭരണകൂടം സംഘടിപ്പിച്ച മോക്ഡ്രില്ലായിരുന്നു രംഗം. യുദ്ധസമാനമായ സാഹചര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ പ്രദേശവാസികള്‍ പകച്ചു നിന്നു. അപകടസ്ഥലത്തേക്ക് നീങ്ങാനുള്ള ജനങ്ങളുടെ ശ്രമങ്ങള്‍ പോലിസ് തടഞ്ഞതോടെ ചിലര്‍ ബഹളം വച്ചു. അടിയന്തരസാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരിശോധിക്കുന്നതോടൊപ്പം പോരായ്മകള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ദുരന്ത ലഘൂകരണ വകുപ്പ് മോക്ഡ്രില്‍ സംഘടിപ്പിച്ചതെന്ന് എഡിഎം ഇ.മുഹമ്മദ് യൂസുഫ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ എന്തൊക്കെ മുന്‍കരുതലെടുക്കണമെന്നുള്ള കാര്യം ജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അപകടമുണ്ടായപ്പോള്‍ 108 നമ്പറിലേക്കാണ് ആദ്യം ആംബുലന്‍സിനായി വിളിച്ചതെന്നും അതില്‍ ലഭിക്കാതിരുന്നപ്പോഴാണ് 102 നമ്പറിലേക്കാണ് വിളിക്കേണ്ടതെന്ന കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ വന്നതെന്നും അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് കെ.യൂസുഫ് പറഞ്ഞു. ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനുള്ള ഉദ്യോഗസ്ഥരുടെയും വളണ്ടിയര്‍മാരുടെയും ശ്രമങ്ങള്‍ക്ക് പൂര്‍ണ സഹകരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്ന് ഡിഎം ഡെപ്യൂട്ടി കളക്്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. ദുരന്തമുഖങ്ങളില്‍ മുന്‍ പരിചയമുള്ളവര്‍ വളണ്ടിയര്‍മാരായി ഉദ്യോഗസ്ഥരെ സഹായിക്കണം. മോക്ഡ്രില്ലിനെ കുറിച്ച് വിശദമായ അവലോകനം നടത്തി പോരായ്മകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പരിഹരിക്കുകയും പ്രതികരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. 

രാവിലെ 11.30 ഓടെയാണ് കുറ്റിക്കോല്‍ പാലത്തിന്റെ വടക്കുഭാഗത്ത് റോഡിന്റെ ഇടതുവശത്തായി നിര്‍ത്തിയിട്ട പെട്രോള്‍ ടാങ്കറിന് തീപ്പിടിച്ചത്. വിവരമറിഞ്ഞ് മിനുട്ടുകള്‍ക്കകം ഫയര്‍ ഫോഴ്‌സും പോലിസിന്റെ ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു. അധികം താമസിയാതെ കണ്ണൂരില്‍ നിന്നുള്ള ഫയര്‍ യൂനിറ്റും സ്ഥലത്തെത്തി അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 

അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് കെ.യൂസഫ്, എഡിഎം ഇ.മുഹമ്മദ് യൂസഫ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ആന്തൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.ഷാജു, തളിപ്പറമ്പ് തഹസില്‍ദാര്‍ എം.മുരളി, കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം.സജീവന്‍, തളിപ്പറമ്പ് എസ്‌ഐ ബിനുമോഹന്‍, കണ്ണൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസറും അസിസ്റ്റന്റ് ഡിവിഷനല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജുമായ പ്രകാശ് കുമാര്‍, തളിപ്പറമ്പ് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പവിത്രന്‍ പി.വി, ഹുസൂര്‍ ശിരസ്തദാര്‍ ഗോപാല കൃഷ്ണന്‍, തളിപ്പറമ്പ് വില്ലേജ് ഓഫീസര്‍ പി.സി.ജയന്തി, ഡെപ്യൂട്ടി ഡിഎംഒ ഡോ.മനോജ്, ഐഒസി പ്രതിനിധി ബി.ചിത്ര, എച്ച്പിസിഎല്‍ പ്രതിനിധി രാഹുല്‍ സി.എസ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.