മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചു; യാത്രക്കാര്‍ ദുരിതത്തില്‍

Tuesday 30 January 2018 10:26 pm IST

 

ആലക്കോട്: കോടികള്‍ ചെലവിട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന മലയോര ഹൈവേയുടെ പ്രവര്‍ത്തി മുന്നറിയിപ്പില്ലാതെ നിര്‍ത്തിവെച്ചത് യാത്രക്കാരെയും നാട്ടുകാരെയും ദിരിതത്തിലാക്കി. ബില്ലുകള്‍ യഥാസമയം മാറിക്കിട്ടാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തി നിര്‍ത്തിവെച്ചതെന്നാണ് സൂചന. പ്രമുഖ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിവരുന്നത്. നാല് ദിവസമായി പ്രവര്‍ത്തികള്‍ സ്തംഭനാവസ്ഥയിലായിട്ട്. തൊഴിലാളികളെ സൈറ്റില്‍ നിന്നും മാറ്റിയിട്ടുണ്ട്. യന്ത്രസാമഗ്രികളും പല സൈറ്റുകളില്‍ നിന്നും മാറ്റിയിരിക്കുകയാണ്. മലയോര ഹൈവേയുടെ പ്രവര്‍ത്തി നടത്തിയ വകയില്‍ കോടിക്കണക്കിന് രൂപയുടെ ബില്ലുകളാണ് സര്‍ക്കാരില്‍ നിന്നും കരാര്‍ കമ്പനിക്ക് ലഭിക്കാനുള്ളത്. 

ഇതുവഴിയുള്ള സാമ്പത്തിക പ്രതിസന്ധിയാണ് പണി നിര്‍ത്തിവെക്കാന്‍ കാരണമെന്ന് സൂചനയുണ്ട്. ചെറുപുഴമുതല്‍ ആലക്കോട് അരങ്ങം വരെയും കരുവഞ്ചാല്‍ വായാട്ടുപറമ്പ്, നടുവില്‍, മണ്ഡളം ഭാഗങ്ങളിലുമായാണ് പ്രവര്‍ത്തികള്‍ നടന്നുവരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മലയോര ഹൈവേക്കായി പണം അനുവദിച്ചിരുന്നെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത് തടഞ്ഞിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് പണം അനുവദിച്ചതും പ്രവര്‍ത്തി തുടങ്ങിയതും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളത്തിലെ മലയോര മേഖലകളെ സ്പര്‍ശിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന മലയോര ഹൈവേ പദ്ധതി ലക്ഷക്കണക്കിന് മലയോര ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ്.

പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. ദീര്‍ഘകാലത്തെ വിവാദങ്ങള്‍ക്കൊടുവിലാണ് ചില ഭാഗങ്ങളിലായി മെക്കാഡം ടാറിങ്ങുകള്‍ ആരംഭിച്ചത്. ഇത് ആരംഭിച്ചിട്ട് രണ്ട് വര്‍ഷമായെങ്കിലും പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് സാധിച്ചിട്ടില്ല. ഇതിനിടയിലാണ് ബില്‍ മാറിയിട്ടില്ലെന്ന കാരണം പറഞ്ഞ് പ്രവര്‍ത്തി നിര്‍ത്തിവെച്ചത്. ഇതുമൂലം മലയോര മേഖലയില്‍ കടുത്ത യാത്രാദുരിതമാണ് ഉണ്ടായിട്ടുള്ളത്. ആലക്കോട് ചെറുപുഴ റോഡില്‍ ടാറിംഗ് നടക്കാത്തതിനാല്‍ കടുത്ത പൊടിയും യാത്രാദുരിതവുമുണ്ട്. കരുവഞ്ചാല്‍, താവുകുന്ന് റോഡിന്റെ സ്ഥിതിയും മറിച്ചല്ല. റോഡ് പണി എത്രയും വേഗം പുനസ്ഥാപിക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.