വള്ളിയാങ്കാവിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തി

Wednesday 31 January 2018 2:00 am IST
മുണ്ടക്കയം: റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായതോടെ വള്ളിയാംകാവ് ക്ഷേത്രത്തിലേക്കുള്ള ബസ് സര്‍വീസ് മുടങ്ങി. ഇതോടെ നാട്ടുകാരും വിശ്വാസികളും ദുരിതത്തില്‍.

 

മുണ്ടക്കയം: റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായതോടെ വള്ളിയാംകാവ് ക്ഷേത്രത്തിലേക്കുള്ള ബസ് സര്‍വീസ് മുടങ്ങി. ഇതോടെ നാട്ടുകാരും വിശ്വാസികളും ദുരിതത്തില്‍. റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ മേഖലയിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകളില്‍ ചിലത് പാതിവഴിയില്‍ എത്തി തിരികെ പോവുകയാണ് പതിവ്. ഇതോടെ മുണ്ടക്കയത്തു നിന്നു നാനൂറ് രൂപ വരെ ടാക്‌സി കൂലി നല്‍കി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. 

സ്വകാര്യ റബര്‍ എസ്റ്റേറ്റിലൂടെയുള്ള റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. പൊതുമരാമത്ത് വകുപ്പിന് റോഡ് വിട്ട് നല്‍കുവാനോ തകര്‍ന്ന് കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കുവാനോ എസ്റ്റേറ്റ് അധികൃതര്‍ തയാറാകുന്നില്ല. മതമ്പ റോഡ് മുതല്‍ കുപ്പക്കയം വഴി ക്ഷേത്രത്തിലേക്കുള്ള റോഡാണ് പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. തകര്‍ന്ന റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കുന്നതുവഴി കേടുപാടുകള്‍ വരുകയും വന്‍ നഷ്ടം ഉണ്ടാകുകയും ചെയ്തതോടെയാണ് ഇതുവഴി ബസ് സര്‍വീസ് നടത്തുവാന്‍ ഉടമകള്‍ തയാറാകാതെ വന്നത്. ദിനംപ്രതി നൂറുകണക്കിന് ആള്‍ക്കാരാണ് വള്ളിയാംകാവില്‍ എത്തുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ സ്വന്തം വാഹനങ്ങള്‍ക്ക് കേടുപാട് ഭയന്ന് മുണ്ടക്കയത്ത് പാര്‍ക്ക് ചെയ്ത് ടാക്‌സികളിലാണ് എത്തുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ശബരിമല ദേശീയപാതയുടെ അലൈന്‍മെന്റ് വളളിയാങ്കാവ് വഴിയാണെന്നുള്ളത് മാത്രമാണ് നാട്ടുകാരുടെ പ്രതീക്ഷ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.