പുറത്തായത് സിപിഎമ്മിന്റെ കോര്‍പ്പറേറ്റ് രാഷ്ട്രീയം

Wednesday 31 January 2018 2:30 am IST

ചവറ: ബിനോയ് കോടിയേരിക്കൊപ്പം വിദേശകമ്പനിയില്‍ നിന്നും പത്ത് കോടി തട്ടിയ കേസില്‍ ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനും കുടുങ്ങിയതോടെ വെളിപ്പെടുന്നത് സിപിഎമ്മിന്റെ കോര്‍പ്പറേറ്റ് രാഷ്ട്രീയം. കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍. വിജയന്‍ പിള്ളയെ കുറുക്കുവഴിയിലൂടെ എംഎല്‍എ ആക്കി കെഎംഎംഎല്ലിന് അനുബന്ധമായ ചിറ്റൂര്‍ ഭൂമി സ്വന്തമാക്കാന്‍ രവിപിള്ളയും ചില സിപിഎം നേതാക്കളും നടത്തിയ രഹസ്യ ധാരണയാണ് പുറത്തായത്. ചവറയിലെ എന്‍. വിജയന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം തന്നെ ആ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഭൂമി കൈമാറ്റം സംബന്ധിച്ച് ജനങ്ങളിലെ  പ്രതിഷേധം  ഇല്ലാതാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

 വ്യവസായി രവിപിള്ളയുടെ വിദേശത്തെ  ബിസിനസ് സാമ്രാജ്യത്തില്‍  ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും  മക്കള്‍. ഇവരാണ് ചവറയിലെ സീറ്റിന് ഇടനിലക്കാരായത്. പിണറായി, കോടിയേരി, വിജയന്‍ പിള്ള തുടങ്ങി സിപിഎമ്മിലെ പ്രമുഖരായ നേതാക്കളുടെ മക്കള്‍ ചേര്‍ന്നാണ് വിദേശത്ത് ലേബര്‍ സപ്ലേ കമ്പനി നടത്തുന്നത്. 

പാലക്കാട്ട് കോടിയേരിയുടെ നേതൃത്വത്തില്‍ നടന്ന രഹസ്യ ചര്‍ച്ചയില്‍ കെഎംഎംഎല്ലിനോട് ചേര്‍ന്നുള്ള  ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ നേതാക്കളുടെ മക്കളുടെ ലേബര്‍ സപ്ലേ കമ്പനിക്ക് പണം നല്‍കാമെന്ന് ഈ വ്യവസായിയുമായി വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പടലപ്പിണക്കം കാരണം വ്യവസ്ഥകള്‍ ഒന്നും പാലിക്കാന്‍ കഴിഞ്ഞില്ല. 

ഈ ലേബര്‍ സപ്ലേ കമ്പനിയില്‍ നിന്നാണ് നേതാക്കളുടെ മക്കള്‍ പണം തട്ടിയെടുത്തത്. ദുബായ് കോടതി വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെ  കേസില്‍ രണ്ടുവര്‍ഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ടെന്നും അതിനാല്‍ ദുബായിലേക്ക് കടക്കാന്‍ കഴിയില്ലെന്നും പറയപ്പെടുന്നു. 

ഈ കമ്പനിയുടെ പാര്‍ട്ണര്‍ ആയിരുന്ന രാഹുല്‍ കൃഷ്ണ നല്‍കിയ വഞ്ചനാ കേസ് ചവറ കോടതിയിലും മാവേലിക്കര കോടതിയിലും നിലനില്‍ക്കുന്നു.  

സീറ്റുവാങ്ങാന്‍ പത്തുകോടി രൂപയാണ്  നേതാക്കളുടെ മക്കള്‍ വഴി സിപിഎമ്മിന് നല്‍കിയതെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ചവറ പേമെന്റ് സീറ്റാണ് എന്ന് വ്യാപകമായി ആക്ഷേപമുണ്ടായിരുന്നു. സിപിഎം നേതാവ് പിണറായി വിജയന്‍ നടത്തിയ യാത്രയ്ക്ക് ചവറയില്‍ പണം ചെലവാക്കുകയും ശാസ്താംകോട്ടയിലെ സ്വന്തം ഹോട്ടലില്‍ ആഡംബര താമസസൗകര്യം ഒരുക്കുകയും ചെയ്തതും ഈ ആരോപണത്തിന് ശക്തി പകര്‍ന്നു.

അവിടെ നടന്ന ചര്‍ച്ചയിലാണ് എന്‍.വിജയന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. 

പാര്‍ട്ടിയിലെ എതിര്‍പ്പ് ഇല്ലാതാക്കാന്‍ മണ്ഡലം സിഎംപിക്ക് നല്‍കി അവരുടെ സ്ഥാനാര്‍ത്ഥിയായി വിജയന്‍പിള്ളയെ അവതരിപ്പിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.