എഴുത്ത് ലോട്ടറി വ്യാപകമാവുന്നു; തട്ടിപ്പിന് പിന്നില്‍ അംഗീകൃത ഏജന്‍സികള്‍

Wednesday 31 January 2018 2:50 am IST

മലപ്പുറം: കേരള ഭാഗ്യക്കുറിയുടെ നടുവൊടിച്ച് എഴുത്ത് ലോട്ടറി വ്യാപകമാകുന്നു. സര്‍ക്കാരിന്റെ അംഗീകാരമുള്ള വന്‍കിട ലോട്ടറി ഏജന്‍സികള്‍ തന്നെയാണ് ഈ ചൂതാട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ദിവസവും നറുക്കെടുക്കുന്ന കേരള ലോട്ടറിയില്‍ സമ്മാനം അടിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പറുകള്‍ ഊഹിച്ച് എഴുതുന്നതാണ് എഴുത്ത് ലോട്ടറി. എഴുത്ത് ലോട്ടറികള്‍ നടക്കുന്ന കടയില്‍ ഫോണ്‍ വിളിച്ചോ, എസ്എംഎസ്, മെയില്‍ വഴിയോ നമ്പര്‍ എഴുതിക്കണം. 

 വൈകിട്ട് ഭാഗ്യക്കുറി ഒന്നാംസമ്മാനത്തിന്റെ നമ്പറുമായി എഴുതിയ നമ്പര്‍ ഒത്തുവന്നാല്‍ 5000 രൂപ ലഭിക്കും. മൂന്നക്കത്തിന്റെ മായാജാലത്തില്‍ ആകൃഷ്ടരായി നിരവധി പേരാണ് എഴുത്ത് ലോട്ടറിയിലേക്ക് കടന്നുവരുന്നത്.

കണ്ണൂരിലെ പ്രമുഖ ലോട്ടറി ഏജന്‍സിയാണ് എഴുത്തു ലോട്ടറിയുടെ ബുദ്ധികേന്ദ്രം. ഭാഗ്യക്കുറി വകുപ്പിലെ ഉന്നതരുടെയും പോലീസിന്റെയും സഹായത്തോടെയാണ് ഈ സമാന്തര ലോട്ടറി പ്രവര്‍ത്തിക്കുന്നത്. അന്യസംസ്ഥാന ലോട്ടറി നിര്‍ത്തലാക്കിയതും സംസ്ഥാന ലോട്ടറിയുടെ കമ്മീഷന്‍ തുക കുറച്ചതുമാണ് ഈ തട്ടിപ്പിലേക്ക് തിരിയാനുള്ള പ്രേരണയെന്നാണ് പറയുന്നത്. എഴുത്ത് ലോട്ടറി ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് പരാതികള്‍ ആദ്യഘട്ടത്തില്‍ പോലീസ് തള്ളിക്കളഞ്ഞിരുന്നു.

 എന്നാല്‍ ഇത് സംസ്ഥാന വ്യാപകമായതോടെ ക്രൈംബ്രാഞ്ചിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. സര്‍ക്കാരില്‍ സ്വാധീനമുള്ളവരാണ് ഇതിന് പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തു. പരാതികള്‍ കൂടിയതോടെ കഴിഞ്ഞ ദിവസം പോലീസ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി. ഇതില്‍ 52 പേര്‍ അറസ്റ്റിലായി. മലപ്പുറത്ത് നിന്നുമാത്രം 35 പേരാണ് പിടിയിലായത്. അറസ്റ്റിലായവര്‍ എല്ലാവരും ചെറുകിട കച്ചവടക്കാരാണ്. റെയ്ഡിന്റെ വിവരം മുന്‍കൂട്ടി അറിഞ്ഞതിനാല്‍ വന്‍കിടക്കാര്‍ രക്ഷപ്പെട്ടു.

ഭാഗ്യക്കുറിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുമ്പോള്‍ അന്യസംസ്ഥാന ലോട്ടറിക്ക് പകരം മറ്റൊരു രൂപത്തില്‍ കണക്കുകളില്ലാത്ത കോടികളിറങ്ങുകയാണ് ലോട്ടറിയില്‍. ടിക്കറ്റും രേഖകളുമില്ലാത്ത രഹസ്യവില്‍പ്പന. സമ്മാനമെന്ന പേരില്‍ കള്ളപ്പണവും കള്ളനോട്ടും ഇറങ്ങുന്ന വന്‍വിപണിയായി മാറിയിരിക്കുകയാണ് എഴുത്ത് ലോട്ടറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.