ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 21 മുതല്‍ കോഴിക്കോട്ട്

Wednesday 31 January 2018 2:30 am IST

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 21 മുതല്‍ 28 വരെ കോഴിക്കോട് നടക്കും. സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍ നടക്കുക. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട്ട് എത്തുന്നത്.

28 പുരുഷ ടീമുകളും 25 വനിതാ ടീമുകളാണ് പങ്കെടുക്കുക. ടീമുകള്‍ 19ന് എത്തി തുടങ്ങും. ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങളാണ് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുക. ചാമ്പ്യന്‍ഷിപ്പിന്റെ പ്രചരണാര്‍ത്ഥം അര്‍ജുന അവാര്‍ഡ് ജേതാവ് കെ.സി. ഏലമ്മയുടെ നേതൃത്വത്തില്‍ 18ന് ദീപശിഖാ പ്രയാണം ആരംഭിക്കും. വോളിബോള്‍ കളിക്കാരനും പരിശീലകനുമായിരുന്ന അച്യുതകുറുപ്പിന്റെ വടകരയിലെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണം വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പര്യടനം നടത്തി 20ന് ഘോഷയാത്രയോടെ കോഴിക്കോട് സമാപിക്കും. ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് ഇന്ത്യക്ക് വേണ്ടി കളിച്ച കേരളത്തിലെ മുന്‍ കളിക്കാരെ ആദരിക്കും. 

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകളിലും കല്ലായ് റോഡിലെ ആരാധന ടൂറിസ്റ്റ് ഹോമില്‍ പ്രവര്‍ത്തിക്കുന്ന സംഘാടക സമിതി ഓഫീസിലും വോളിബോള്‍ അസോസിയേഷന്റെ ജില്ലാ ഓഫീസുകളിലും ടിക്കറ്റുകള്‍ ലഭിക്കും. 1000 പേര്‍ക്ക് വിഐപി ഡോണര്‍ പാസ് നല്‍കും. 10,000 രൂപയാണ് വിഐപി പാസിന്റെ വില. സീസണ്‍ ടിക്കറ്റിന് 1000ഉം ദിവസ ടിക്കറ്റിന് 200 ഉം ആണ് വില. വി.കെ.കൃഷ്ണമേനോന്‍ സ്‌റ്റേഡിയത്തിലെ മത്സരം ഉച്ചവരെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യപ്രവേശനം നല്‍കും. 

ചാമ്പ്യന്‍ഷിപ്പ് വിജയിപ്പിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ എം. മെഹബൂബ്, ജനറല്‍ കണ്‍വീനര്‍ പ്രൊഫ. നാലകത്ത് ബഷീര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ കായിക സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.ജെ. മത്തായി, സി. സത്യന്‍, കമാല്‍ വരദൂര്‍, പി.വി. ഫൈസല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.