അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ ഫൈനലില്‍

Wednesday 31 January 2018 2:45 am IST

ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ പാക്കിസ്ഥാനെ 203 റണ്‍സിന് തകര്‍ത്തെറിഞ്ഞാണ് പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ കലാശക്കളിക്ക് യോഗ്യത നേടിയത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ആറാം ഫൈനലാണ് ഇത്തവണ ഇന്ത്യക്ക്. കഴിഞ്ഞ തവണ ഫൈനലില്‍ വിന്‍ഡീസിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ 29.3 ഓവറില്‍ 69 റണ്‍സിന് എല്ലാവരും പുറത്തായി. ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 94 പന്തുകളില്‍ നിന്ന് 7 ബൗണ്ടറികളോടെ ഗില്‍ 102 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഓപ്പണറും ക്യാപ്റ്റനുമായ പൃഥ്വി ഷാ (41), മന്‍ജ്യോത് കല്‍റ (47), അങ്കുള്‍ റോയ് (33) എന്നിവരും മികച്ച പ്രകടനം നടത്തി.

ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ നിരയില്‍ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. റൊഹൈല്‍ നാസിര്‍ (18), സാദ് ഖാന്‍ (15), മുഹമ്മദ് മൂസ (11) എന്നിവരാണ് രണ്ടക്കം കടന്നവര്‍. ആറ് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടു നല്‍കി നാലു വിക്കറ്റെടുത്ത പേസ് ബൗളര്‍ ഇഷാന്‍ പൊറേലാണ് പാക് ബാറ്റിങ്‌നിരയുടെ നടുവൊടിച്ചത്. റിയാന്‍ പരാഗ് നാലു ഓവറില്‍ ആറു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ശിവ സിങ് എട്ടു ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. അനുകൂല്‍ സുധാകര്‍ റോയ്, അഭിഷേക് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ പൃഥ്വിഷായും മന്‍ജ്യോത് കല്‍റയും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 42 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സറുമടക്കം 41 റണ്‍സെടുത്ത ഷാ റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 59 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത കല്‍റയും പിന്നാലെ പുറത്തായി. പിന്നീട് ശുഭ്മാന്‍ ഗില്ലിന്റെ ഒറ്റയാന്‍ പോരാട്ടമായിരുന്നു. ഒരുവശത്ത് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു. ഹാര്‍വിക് ദേശായി 20 റണ്‍സടിച്ച് പുറത്തായപ്പോള്‍ രണ്ട് റണ്‍സായിരുന്നു റിയാന് പരാഗിന്റെ സമ്പാദ്യം. അഭിഷേക് ശര്‍മ്മ (5), നാഗര്‍കോട്ടി (1), ശിവം മവി (10), ശിവ സിങ്ങ് (1) എന്നിവരും വന്നവഴിയേ ക്രീസ് വിട്ടു. 33 റണ്‍സടിച്ച അങ്കുല്‍ റോയി മാത്രമാണ് വാലറ്റത്തില്‍ അല്പം പിടിച്ചുനിന്നത്.

10 ഓവറില്‍ 67 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് നേടിയ മുഹമ്മദ് മൂസയും 51 റണ്‍സ് വിട്ടുനല്‍കി മൂന്നു വിക്കറ്റ് നേടിയ അര്‍ഷാദ് ഇഖ്ബാലും ചേര്‍ന്നാണ് ഇന്ത്യയെ 272-ല്‍ ഒതുക്കിയത്. ശുഭ്മാന്‍ ഗില്ലാണ് മാന്‍ ഓഫ് ദി മാച്ച്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.