ഇരു ദിശയിലേക്കും ഒരേ നിരക്ക് വാഹന ഉടമകള്‍ക്ക് നഷ്ടം

Wednesday 31 January 2018 2:50 am IST

കൊച്ചി: ദേശീയ പാതകളില്‍ ആരംഭിച്ച ഇലക്ട്രോണിക് ടോള്‍ പിരിവ് (ഫാസ്ടാഗ് സംവിധാനം) വാഹന ഉടമകള്‍ക്ക് നഷ്ടമുണ്ടാക്കുന്നു. ഒരുദിവസം ഇരുദിശയിലേക്കും യാത്ര ചെയ്യുന്നവരില്‍ നിന്നും ഒരേ നിരക്ക് തന്നെ ഈടാക്കുന്നതാണ് തിരിച്ചടിയായത്. സാധാരണ ടോള്‍ പിരിക്കുമ്പോള്‍ ഒരുദിവസം രണ്ടു ദിശയിലേക്കും യാത്ര ചെയ്യുകയാണെങ്കില്‍ 30 മുതല്‍ 40 ശതമാനം വരെ ഇളവ് ഉണ്ടായിരുന്നു. ഇലക്ട്രോണിക് സംവിധാനം വന്നതോടെ ഇരുദിശയിലേക്കുള്ള യാത്രകള്‍ക്ക് ഇളവ് ഇല്ലാതായി. 

ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ മണിക്കൂറുകള്‍ കാത്ത് കിടക്കുന്നത്  ഒഴിവാക്കാനും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുമാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. രാജ്യമൊട്ടാകെയുള്ള ദേശീയ പാതകളില്‍ 370 ടോള്‍ പ്ലാസകളില്‍ ഇതിനകം ഇ-ടോള്‍ പിരിവ് നടപ്പായിക്കഴിഞ്ഞു. സംസ്ഥാന പാതകളിലടക്കം കൂടുതല്‍ ടോള്‍ പ്ലാസകളിലേക്ക് ഇലക്ട്രോണിക് സംവിധാനം വരുന്നതോടെ വാഹന ഉടമകള്‍ക്ക് കൂടുതല്‍ നഷ്ടമുണ്ടാകും. 

നിലവില്‍ നിരത്തുകളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഫാസ് ടാഗ് സംവിധാനം നിര്‍ബന്ധമല്ല. എന്നാല്‍, പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഫാസ് ടാഗ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ പാസഞ്ചര്‍ കാറുകളും ചരക്ക് വാഹനങ്ങളുമുള്‍പ്പെടെയുള്ള നാല് ചക്രവാഹനങ്ങള്‍ക്കാണ് ഇത് ബാധകം. വാഹനങ്ങള്‍ ടോള്‍ പ്ലാസ കടന്നുപോകുമ്പോള്‍ ഓട്ടോമാറ്റിക്കായി ഡിജിറ്റല്‍ സംവിധാനത്തിലൂടെ പണംപിരിക്കുന്നതാണ് ഫാസ്ടാഗ് രീതി. 

വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ പതിപ്പിക്കുന്ന ഫാസ്ടാഗ് ടോള്‍പ്ലാസയില്‍ സ്‌കാന്‍ ചെയ്യും. റേഡിയോ ഫ്രീക്വന്‍സ് ഐഡന്റിഫിക്കേഷന്‍ സംവിധാനത്തിലൂടെ കന്നുപോകുന്ന വാഹന ഉടമയുടെ ഫാസ് ടാഗ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെടും. ടോള്‍ പ്ലാസയില്‍ നിര്‍ത്താതെ തന്നെ പണം നല്‍കാനാകും. മൊബൈല്‍ റീച്ചാര്‍ജ്ജ് ചെയ്യുന്ന പോലെ ഫാസ്ടാഗ് അക്കൗണ്ട് റീച്ചാര്‍ജ്ജ് ചെയ്യാം. 

പോരായ്മകള്‍ പരിഹരിച്ചാല്‍ ടോള്‍ പ്ലാസകളിലെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും നികുതി പിരിവ് കൃത്യമാക്കാനുമായി തുടങ്ങിയ ഫാസ്ടാഗ് സംവിധാനം വിജയകരമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.