തെരുവില്‍ പഠിപ്പിക്കല്‍ സമരം നടത്തി

Wednesday 31 January 2018 2:40 am IST

തിരുവനന്തപുരം: നിയമസഭാ കവാടം വ്യത്യസ്തമായ സമരത്തിന് സാക്ഷ്യം വഹിച്ചു. കേരളത്തിലെ 6500 ഓളം വരുന്ന അംഗീകാരം ലഭിക്കാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ആള്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ആള്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ നിയമസഭാ മാര്‍ച്ചും തെരുവില്‍ പഠിപ്പിക്കല്‍ സമരവും നടന്നു. 

സ്‌കൂളുകള്‍ അടച്ചുപൂട്ടുന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, ഒന്നര ലക്ഷത്തോളം വരുന്ന അധ്യാപകരുടെ തൊഴില്‍ സംരക്ഷിക്കുക, നല്ല വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള രക്ഷാകര്‍ത്താക്കളുടെ അവകാശം നിലനിര്‍ത്തുക, സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിപാടികളില്‍ പ്രൈവറ്റ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നടന്ന സമരത്തില്‍ ആയിരക്കണക്കിന് അധ്യാപികര്‍ പങ്കെടുത്തു. നിയമസഭാ മാര്‍ച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. 

ഇത്തരം സ്‌കൂളുകള്‍ ഒറ്റയടിക്ക് അടച്ചുപൂട്ടുന്നത് തൊഴില്‍ മേഖലയില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരുവില്‍ പഠിപ്പിക്കല്‍ സമരം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ ബോര്‍ഡില്‍ എഴുതിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി അബ്ദുള്‍റബ്ബ്, ഒ.രാജഗോപാല്‍ എംഎല്‍എ, കാലടി സര്‍വകലാശാല മുന്‍ പ്രിന്‍സിപ്പല്‍ വി.ടി. രമ, ഡി. ലോകനാഥന്‍, മോഹന്‍ കൊല്ലം, മല്ലിക വേണുകുമാര്‍, ബാലകൃഷ്ണന്‍ വടകര, ശശിധരന്‍ കോഴിക്കോട്, ശങ്കരന്‍ നടുവണ്ണൂര്‍, ഫാ. ജോര്‍ജ്ജ് തീണ്ടാംപാറ, ജോസി ജോസ് നരിതൂക്കില്‍, പി.ജി.സജിത്കുമാര്‍, സുന്ദരേശന്‍ ഉണ്ണി, ജയപ്രകാശ് കുഴല്‍മന്ദം എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.