അതിരൂപത ഭൂമി വില്പന: വൈദിക സമിതിയോഗത്തില്‍ തീരുമാനമായില്ല; റിപ്പോര്‍ട്ട് തള്ളി ആലഞ്ചേരി

Wednesday 31 January 2018 2:50 am IST

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിവില്പന വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന വൈദിക സമിതിയോഗം കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ നിലപാടിനെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞു. ഭൂമിയിടപാട് സംബന്ധിച്ച് വൈദികസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആലഞ്ചേരി തയ്യാറാകാതിരുന്നതാണ് യോഗത്തില്‍ തീരുമാനമുണ്ടാകാതിരിക്കാന്‍ കാരണമായത്. ഭൂമി വില്പനയില്‍ മാര്‍ ആലഞ്ചേരിക്ക് വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ടാണ് വൈദികസമിതിയുടേത്.

ഭൂമി ഇടപാട് വിവാദത്തില്‍ ഒരു വിഭാഗം വൈദികര്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ ശക്തമായ നിലപാടുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ഇവര്‍ അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കര്‍ദ്ദിനാളിന്റെ വീഴ്ചകള്‍ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വത്തിക്കാനിലേക്ക് വൈദികര്‍ പരിതിയുമയച്ചിരുന്നു. ഇടഞ്ഞു നില്‍ക്കുന്ന വൈദികരെ അനുനയിപ്പിക്കുന്നതിനാണ് മുമ്പ് ചേരുമെന്ന് പ്രഖ്യാപിക്കുകയും നടക്കാതിരിക്കുകയും ചെയ്ത വൈദികസമിതി യോഗം മാര്‍ ആലഞ്ചേരി വീണ്ടും വിളിച്ചു ചേര്‍ത്തത്. എന്നാല്‍ വൈദികര്‍ തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നാക്കം പോകാന്‍ തയ്യാറായില്ല. ഇതോടെയാണ് വൈദികരുടെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആലഞ്ചേരി കൊച്ചി ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന വൈദിക സമിതി യോഗത്തെ അറിയിച്ചത്. 

റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും വൈദിക സമിതിയോഗത്തിലുണ്ടായെങ്കിലും അതും കര്‍ദ്ദിനാള്‍ അംഗീകരിച്ചില്ല. എന്നാല്‍ ഭൂമിയിടപാട് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച്ച പള്ളികളില്‍ വായിക്കണമെന്ന  ആവശ്യം അംഗീകരിച്ചു. ഈ വിഷയത്തില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്താന്‍ വൈദിക സമിതി വീണ്ടും വിളിക്കുമെന്നാണ് കര്‍ദിനാള്‍ ആലഞ്ചേരി യോഗത്തെ അറിയിച്ചത്. സീറോ മലബാര്‍ സഭ സിനഡ് നിര്‍ദേശ പ്രകാരം അതിരൂപതയുടെ ദൈനംദിന ഭരണം സഹായ മെത്രാന്‍മാരുമായി പങ്കിടുമെന്നും കര്‍ദിനാള്‍ പറഞ്ഞു.

വിവാദമുയര്‍ന്ന ശേഷം ആദ്യം വിളിച്ചു ചേര്‍ത്ത വൈദിക സമിതിയോഗത്തില്‍ കര്‍ദ്ദിനാളിനെ ഏതാനും പേര്‍ തടഞ്ഞു എന്നാരോപിച്ചാണ് യോഗം മാറ്റിയത്. ഫാദര്‍ ബെന്നി മാരാംപറമ്പില്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച സമിതിയാണ് ഭൂമി വില്പന സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പിന്നീട് മെത്രാന്‍മാരുടെ സമിതിയും ഭൂമിയിടപാട് അന്വേഷിച്ചു. ആ സമിതിയുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരു സമിതിയെയും അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.