ഷാരുഖ് ഖാന്റെ ഫാം ഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

Wednesday 31 January 2018 11:36 am IST

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ അലിബാഗിലെ ഫാം ഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി ഇടപാടുകള്‍ തടയുന്നതിനുള്ള നിയമം അനുസരിച്ചാണ് നടപടി. മഹാരാഷ്ട്രയിലെ കടല്‍തീര നഗരമായ അലിബാഗില്‍ 19960 ചതുരശ്ര അടി സ്ഥലത്താണ് ഷാരുഖ് ഫാം ഹൗസ് പണിതത്. കൃഷി ചെയ്യാനെന്ന പേരിലാണ് പഴയ കൃഷി സ്ഥലം സ്വന്തമാക്കി ഫാം ഹൗസ് നിര്‍മ്മിച്ചത്.

14.67 കോടി രൂപ മൂല്യം കാണിച്ചിരിക്കുന്ന ഹൗസിന് അതിന്റെ അഞ്ച് ഇരട്ടിയെങ്കിലും വിലമതിക്കുമെന്നാണ് കരുതുന്നത്. കുഷി ഭൂമിയില്‍ കെട്ടിടം പണിയുന്നതിന് അനുമതി ലഭിക്കില്ല എന്നതുകൊണ്ട് ദേജാവു ഫാംസ് എന്ന സ്ഥാപനത്തിന്റെ പേരില്‍ 2004-ല്‍ ഭൂമി വാങ്ങിയത്. കൃഷിയാവശ്യത്തിന് വാങ്ങുന്നതെന്നാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. ദേജാവുവിന്റെഓഹരി പിന്നീട് ഷാരുഖും ഭാര്യ ഗൗരിയും സ്വന്തമാക്കി ആഡംബര കെട്ടിടം പണിയുകയുമായിരുന്നു. ദേജാവു ഫാംസ് അവിടെ കൃഷി നടത്തുകയോ വരുമാനം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഇത് ബിനാമി ഇടപാടിന്റെ പരിധിയില്‍ വരും എന്ന് കണ്ടാണ് ആദായനികുതി വകുപ്പിന്റെ നടപടി.

ആദായ നികുതി വുപ്പ് സ്വമേധയ നടത്തുന്ന നടപടിക്ക് 90 ദിവസത്തെ ഇളവുണ്ട്. ഈ സമയത്തിനിടെഷാരുഖ് ഖാന് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കാം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ ആദായ നികുതി ചട്ടപ്രകാരമുള്ള ശിക്ഷാനടപടി നേരിടേണ്ടി വരും. നീന്തല്‍ കുളവും കടല്‍ത്തീരവുമുള്ള ഫാം ഹൗസാണ് അലിബാഗിലേത്. ഈ ഫാം ഹൗസ് നിര്‍മിച്ചിരിക്കുന്നത് തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് നിര്‍മ്മാണമെന്ന് നേരത്തേ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം സംഭവത്തില്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ നടപടി മുന്നോട്ടും ഉണ്ടാകുമെന്ന് റായ്ഗഡ് ജില്ലാ കളക്ടര്‍ ഡോ വിജയ് സൂര്യവംശി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.