സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതിപക്ഷം

Wednesday 31 January 2018 11:51 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതിപക്ഷം. അതിനാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്‌ ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഡി സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. 

ധനമന്ത്രി തോമസ് ഐസക് കേന്ദ്രസര്‍ക്കാരിന്റെ വക്താവായി മാറിയിരിക്കുയാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ധനമന്ത്രി യാഥാര്‍ത്ഥ്യങ്ങളെ മറച്ച്‌ വെക്കുകയാണെന്നും സതീശന്‍ പറഞ്ഞു. മൂന്ന് മാസക്കാലമായി ട്രഷറിയില്‍ സ്തംഭനമാണെന്നും മൂന്ന് ലക്ഷത്തോളം ആളുകളുടെ സാമൂഹ്യ പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറായി. അടിസ്ഥാനവികസന പ്രവര്‍ത്തനങ്ങളും ക്ഷേമപെന്‍ഷനുകളും മുടങ്ങിക്കിടക്കുകയാണ്.

ധനമന്ത്രി ഒളിച്ച്‌ കളിക്കുകയാണ്. വളരെ കൗശലക്കാരനായ ധനമന്ത്രിയാണ് തോമസ് ഐസക്. ജിഎസ്‌ടിയെ കുറിച്ച്‌ പ്രതിപക്ഷം ഉന്നയിച്ച മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചു. ജിഎസ്‌ടി കുളമായെന്ന് അറിഞ്ഞപ്പോള്‍ ധനമന്ത്രി കൈകഴുകുകയാണ്. കള്ളക്കണക്കുകള്‍ കൊണ്ട് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം സര്‍ക്കാര്‍ തൊടുന്യായം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്.

എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ധനമന്ത്രി തള്ളി. സംസ്ഥാനത്ത് വികസനസ്തംഭനം ഇല്ലെന്നും ധനസ്ഥിതിയെ കുറിച്ച്‌ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. വരവും ചെലവും തമ്മിലുള്ള അന്തരം കൂടിയതാണ് താത്കാലികമായി പ്രതിസന്ധിക്ക് കാരണം. ചെലവ് 22 ശതമാനം വര്‍ധിച്ചപ്പോള്‍ വരുമാനത്തിലുണ്ടായ വര്‍ധന 7.6 ശതമാനം മാത്രമാണ്. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ജിഎസ്‌ടി നടപ്പിലാക്കിയ രീതി തുടക്കത്തില്‍ പ്രതികൂലമായി ബാധിച്ചുവെന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബി വിഭാവനം ചെയ്ത പദ്ധതികളൊന്നും തുടങ്ങിയിട്ടില്ല. മൂന്ന് മാസത്തെ ധനപ്രതിസന്ധി മാത്രമാണ് പ്രതിപക്ഷത്തിന് പ്രശ്നം. കോളെജ് അധ്യാപക-അനധ്യാപക നിയമനങ്ങള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസമേഖലയില്‍ കഴിഞ്ഞ സര്‍ക്കാര്‍ 4,000 പുതിയ നിയമനങ്ങളാണ് നടത്തിയത്. ധനമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.