കേന്ദ്ര ഇടപെടല്‍; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു

Wednesday 31 January 2018 3:06 pm IST

കൊച്ചി:   ജൂവലറി ശൃംഖലകളുടെ ഉടമയും വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനാകുന്നെന്ന് സൂചന. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിലൂടെയാണ് രാമചന്ദ്രന്‍ മോചിതനാകാന്‍ പോകുന്നത്‍. ദുബായില്‍ 2015 മുതല്‍ ജയിലിലാണ് രാമചന്ദ്രന്‍.

ബാങ്കുകള്‍ക്ക് വായ്പതിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. പ്രധാനപ്പെട്ട 12 കേസില്‍ 11 എണ്ണവും ഒത്തുതീര്‍പ്പാക്കാന്‍ എതിര്‍കക്ഷികള്‍ സമ്മതിച്ചിട്ടുണ്ട്. രാമചന്ദ്രന്റെ നാട്ടിലെയും വിദേശത്തെയും സ്വത്തുവിവരങ്ങള്‍ എതിര്‍കക്ഷികളെ അറിയിച്ചിട്ടുണ്ട്. പുറത്തുവന്നാലുടന്‍ ബാധ്യത തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും ധരിപ്പിച്ചിട്ടുണ്ട്. രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയിരുന്നു. ബാധ്യതാവിവരങ്ങള്‍ ഇദ്ദേഹംവഴി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും കൈമാറി.

നിലവില്‍ രണ്ടു വ്യക്തികളുമായുള്ള കേസാണ് തീരാനുള്ളത്. ദല്‍ഹിയില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശികളാണ് ഇവര്‍. ആദ്യഘട്ട ചര്‍ച്ചകളില്‍ ഇവര്‍ ഒത്തുതീര്‍പ്പിനു സമ്മതിച്ചിട്ടില്ല. ഇവരും കേസ് പിന്‍വലിച്ചാല്‍ മോചനം എളുപ്പമാകും. ഇവരോട് മധ്യസ്ഥര്‍ ചര്‍ച്ച തുടരുകയാണ്. രാമചന്ദ്രന്റെ ആരോഗ്യം മോശമായ സ്ഥിതിക്ക്, അദ്ദേഹത്തെ എത്രയുംവേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്. ബിജെപിയുടെ വിദേശസെല്ലുകളുടെ ചുമതലയുള്ള രാംമാധവ് അവിടെയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

സ്വത്തുവിവരം അറിഞ്ഞതോടെ, രാമചന്ദ്രന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേസില്‍നിന്നു പിന്മാറും എന്നാണ് ബാങ്കുകള്‍ അറിയിച്ചത്. കടം വീട്ടാന്‍ അദ്ദേഹത്തിനു ശേഷിയുണ്ടെന്നു ബോധ്യമായതോടെയാണിത്. എംബസിവഴി ഇതിനുള്ള രേഖകള്‍ കൈമാറി എന്നാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.