കൃഷിയിടങ്ങളില്‍ പന്നിശല്യം

Thursday 1 February 2018 2:00 am IST

 

പോത്തന്‍കോട്: പോത്തന്‍കോട്ടെ കൃഷിയിടങ്ങളില്‍ പന്നി ശല്യം കൂടുന്നു. മടവൂര്‍പ്പാറ, നന്നാട്ടുകാവ് തിട്ടയത്ത്‌കോണം, അയിരൂപ്പാറ, കോലിയക്കോട്, തീപ്പുകല്‍ ഭാഗങ്ങളിലെ ഏലാകളിലാണ് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത്. കാര്‍ഷിക  ജീവിതം വഴിമുട്ടി ഇവിടത്തെ കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണ്. വാഴ, മരച്ചീനി, പച്ചക്കറി എന്നിവ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികള്‍ കുത്തിമറിച്ച് നശിപ്പിക്കുന്നത് പതിവാണ്. കോലിയക്കോട് തീപ്പുകല്‍ ഏലായി തുളസീധരന്റെ കൃഷിയിടത്ത്  കഴിഞ്ഞ ദിവസങ്ങളിലായി  നിരവധി ഏത്തന്‍ വാഴകളാണ് നശിച്ചത്. സമീപപ്രദേശമായ നാന്നാട്ടുകാവ് തിട്ടയത്ത്‌കോണം പ്രദേശങ്ങളിലും കൃഷിയിടങ്ങള്‍ വ്യാപകമായി പന്നികള്‍ നശിപ്പിച്ച അവസ്ഥയിലാണ്. രാത്രികാലങ്ങളിലാണ് പന്നികള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത്. പന്നിക്കൂട്ടങ്ങള്‍ വെഞ്ഞാറമൂട്-കഴക്കൂട്ടം ബൈപ്പാസ് റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനമിടിച്ച് ചാകുന്നതും  നിത്യസംഭവമാണ്. 

സമീപപ്രദേശങ്ങളായ, അയിരൂപ്പാറ, ചാരുംമൂട്, ശാസ്തവട്ടം ഏലാകളിലും കാട്ടുപന്നിക്കൂട്ടവും മുള്ളന്‍പന്നിക്കൂട്ടവും കൃഷികള്‍ നശിപ്പിക്കുന്നുണ്ട്. പച്ചക്കറി കര്‍ഷകനായ ശാസ്തവട്ടം പുലിയര്‍ത്തല മോഹനന്‍നായരുടെ കുലയ്ക്കാറായ അന്‍പതിലേറെ വാഴകളും പയര്‍, വെള്ളരി തുടങ്ങിയ വിളകളും അടുത്ത ദിവസങ്ങളില്‍ പന്നി നശിപ്പിച്ചു. മഠത്തില്‍കുളങ്ങര, ചാരുംമൂട്, ചിറ്റിക്കര, അയണിയര്‍ത്തല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പകലും പന്നികളുടെ ആക്രമണം ശക്തമാണ്. വനംവകുപ്പിന്റെ പാലോട് റേഞ്ച് ഓഫീസിന്റെ കീഴിലാണ് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത്. ദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതര്‍  ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

നഷ്ടങ്ങളെക്കുറിച്ച് കര്‍ഷകര്‍ കൃഷിഭവനുകളിലാണ് പരാതിപ്പെടുന്നത്. എന്നാല്‍ കൃഷി ഓഫീസര്‍മാര്‍ കൈമലര്‍ത്തുകയാണ്. പന്നിക്കൂട്ടം കൃഷി നശിപ്പിച്ചാല്‍ അത് പരിശോധിച്ച്  സഹായം നല്‍കാനോ പന്നിക്കൂട്ടങ്ങളെ നിയന്ത്രിക്കാനോ നടപടിയുണ്ടാകാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.