ബ്ലോക്ക് പഞ്ചായത്തംഗത്തെ അയോഗ്യയാക്കി

Thursday 1 February 2018 2:00 am IST

 

പോത്തന്‍കോട്: പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍. ജോളി പത്രോസിനെ അയോഗ്യയാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്നതിനും ആറുവര്‍ഷത്തേക്ക് വിലക്ക്. കൂറുമാറ്റ നിരോധനനിയമപ്രകാരം നിലവില്‍ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്നതിനും 2018 ജനുവരി 30 മുതല്‍ ആറു വര്‍ഷത്തേക്കാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്  നടന്ന പൊതു തെരഞ്ഞടുപ്പില്‍ ജോളിപത്രോസും ജലജകുമാരിയും  കോണ്‍ഗ്രസ് അംഗങ്ങളായാണ് തെരഞ്ഞെടുക്കപ്പെട്ടത്. 13 അംഗങ്ങളുള്ള പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും സീറ്റുകളായിരുന്നു. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് 2015 ഡിസംബര്‍ 1ന് ജലജകുമാരിയെ പ്രസിഡന്റായും അഡ്വ അല്‍ത്താഫിനെ വൈസ്പ്രസിഡന്റായും തെരഞ്ഞെടുത്തു.

2016 നവംബര്‍ 7ന് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ എല്‍ഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. പ്രമേയത്തെ പരാജയപ്പെടുത്തുന്നതിന് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എല്ലാ യുഡിഎഫ് അംഗങ്ങള്‍ക്കും വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാന്‍ വിപ്പ് നല്‍കി. എന്നാല്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ജോളി പത്രോസ് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് അനുകൂലമായി വോട്ടു ചെയ്യുകയും പ്രമേയം പാസാകുകയും ചെയ്തു. ഇതിനെതിരെ  കോണ്‍ഗ്രസ് അംഗം ജലജകുമാരി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ ജോളി പത്രോസിനെതിരെ നടപടി എടുത്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.