സിപിഎം അയിത്തം കല്‍പ്പിച്ച വിഎസ് ഇന്ന് സിപിഐ സമ്മേളനത്തില്‍

Thursday 1 February 2018 2:45 am IST

കൊച്ചി: സിപിഎം സമ്മേളനങ്ങളില്‍ നിന്ന് ദയനീയമായി ഒഴിവാക്കപ്പെട്ട വി.എസ്. അച്യുതാനന്ദന് സിപിഐ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയത് ഇരു പാര്‍ട്ടികള്‍ക്കുമിടയ്ക്കുള്ള ഭിന്നത രൂക്ഷമാക്കി.സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിലെ, ഫാസിസ്റ്റ് വിരുദ്ധ സംഗമത്തില്‍ പങ്കെടുക്കാനാണ് വിഎസ് ഇന്ന് തൃപ്പൂണിത്തുറയിലെത്തുന്നത്. സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാതിരുന്ന വിഎസിനെ സിപിഐ ക്ഷണിച്ചത് ഇരുപാര്‍ട്ടികളും തമ്മിലുള്ള പോരിന്റെ ഭാഗം കൂടിയാണെന്നത് വ്യക്തം.

നേതാക്കളുടെ നിലപാടുകള്‍ക്കെതിരെ പ്രതികരിച്ച ഒട്ടേറെ സിപിഎം നേതാക്കളും അണികളും സിപിഐയില്‍ ചേര്‍ന്നിരുന്നു. ഇവരുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് വിഎസിനെ സമ്മേളനത്തിനെത്തിക്കുന്നത്. സിപിഎം വിളിക്കാത്തതിനാല്‍ സിപിഐയുടെ ക്ഷണം വിഎസ് അവസരമായി കാണുമെന്നാണ് വിഎസ് പക്ഷക്കാരും സിപിഐ നേതാക്കളും കരുതുന്നത്. സിപിഐ സമ്മേളനത്തില്‍ വിഎസ് എത്തിയാല്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാകും. സിപിഎമ്മില്‍ അടുത്തിടെ നേരിട്ട കടുത്ത അവഗണനയാണ് സിപിഐയുടെ ക്ഷണം സ്വീകരിക്കാന്‍ വിഎസിനെ പ്രേരിപ്പിച്ചത്.

മുന്‍ സിപിഎം നേതാവ് ടി. രഘുവരനാണ് സിപിഐ സമ്മേളനത്തിന്റെ സ്വാഗതസംഘം ട്രഷറര്‍. സിപിഎമ്മില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് രഘുവരന്‍. സിപിഎം കൊച്ചി ഏരിയാ സെക്രട്ടറിയായിരുന്ന എം.ഡി. ആന്റണിയും ഇപ്പോള്‍ സിപിഐയുടെ മണ്ഡലം സെക്രട്ടറിയാണ്. സിപിഎമ്മില്‍ അച്ചടക്ക നടപടി നേരിട്ടവരെ സിപിഐ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച ജനജാഗ്രതാ യാത്രയ്ക്ക് പങ്കാളിത്തം കുറഞ്ഞത് സിപിഎമ്മിലെ ഒരുവിഭാഗം വിട്ടുനിന്നതുകൊണ്ടാണ്. മട്ടാഞ്ചേരിയില്‍ രക്തസാക്ഷി വാരാചരണം രണ്ടായി നടത്തിയതും സിപിഎം-സിപിഐ പോര് മൂലമാണ്. 

സിപിഎം വിട്ടുവരുന്നവര്‍ക്ക് സിപിഐയിലേക്ക് സ്വാഗതമെന്ന് ജില്ലാ സെക്രട്ടറി പി. രാജു പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെപ്പോലെ മുഖ്യമന്ത്രിയുടെ വീഴ്ചകള്‍ പരസ്യമായി തന്നെ ചൂണ്ടിക്കാട്ടിയ ആളാണ് രാജുവും. അതിനാല്‍, വിഎസ് സിപിഐ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനോട് യോജിപ്പില്ലാത്തവരും സിപിഎമ്മിലുണ്ട്. എന്നാല്‍, എതിര്‍ക്കേണ്ട കാര്യമില്ലെന്ന അഭിപ്രായമുള്ളവരും സിപിഎമ്മിലുണ്ട്. ഇന്ന് പരിപാടിക്ക് എത്തുമെന്ന് വിഎസ് ഇന്നലെയും ഉറപ്പ് നല്‍കിയതായി സിപിഐ ജില്ലാ സെക്രട്ടറി പി. രാജു വ്യക്തമാക്കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.