വട്ടംചുറ്റിച്ച് കറുത്ത സ്റ്റിക്കര്‍

Thursday 1 February 2018 2:00 am IST

 

ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തരാക്കി. ആലപ്പുഴ നഗരത്തിലെ വിവിധ പ്രദേശങ്ങള്‍, തകഴി, നീര്‍ക്കുന്നം, പുന്നപ്ര എന്നിവിടങ്ങളിലെ വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടു. 

  കണിച്ചുകുളങ്ങര, പെരുന്നേര്‍മംഗംലം എല്‍പി സ്‌കൂളിന് സമീപം,മണ്ണഞ്ചേരിയിലെ മാച്ചനാട്,നേതാജി,മണ്ണഞ്ചേരി കിഴക്ക്,പൊന്നാട്,റോഡ് മുക്ക് ബ്യൂട്ടി ജംഗ്ഷന് സമീപം,പാതിരപ്പള്ളി എന്നിവിടങ്ങളില്‍ വീടുകളുടെ ഗ്ലാസ് ജനാലകളില്‍ കറുത്ത സ്റ്റിക്കര്‍ പതിപ്പിച്ചതായി കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. 

 അരൂരിലും സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടത് ഭീതിയുണര്‍ത്തി. അരൂര്‍ പഞ്ചായത്ത് പതിനേഴാം വര്‍ഡില്‍ ചെറുവീട്ടില്‍ അരുണ്‍കുമാറിന്റെ വീട്ടിലാണ്  സ്റ്റിക്കര്‍ കാണപ്പെട്ടത്. വീടിന്റെ പിന്‍ഭാഗത്തുള്ള രണ്ട് ജനലുകളിലാണ് കറുത്ത നിറത്തിലുള്ള സ്റ്റിക്കര്‍ കാണപ്പെട്ടത്. 

   അന്വേഷണം ഊര്‍ജ്ജിതമായി നടത്തുമെന്ന് അരൂര്‍ എസ്‌ഐ മനോജ് പറഞ്ഞു. അരൂര്‍ അങ്കമാലി ലക്ഷം വീട് കോളനിക്ക് പടിഞ്ഞാറുവശമാണ് അരുണ്‍ കുമാറിന്റെ വീട്.  കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തൊട്ടടുത്ത് താമസിക്കുന്ന ഫ്രാങ്കോയുടെ വീട്ടിലും സ്റ്റിക്കര്‍ കാണപ്പെട്ടിരുന്നു.    

 തകഴിയില്‍ മൂന്ന് വീടുകളിലും നീര്‍ക്കുന്നം എസ് എന്‍ കവല ജംഗ്ഷനു കിഴക്ക് ഗുരുകുലത്തിനു സമീപത്തെ ഒരു വീട്ടിലും പുന്നപ്ര കുറവന്‍തോട് വെളിയില്‍ ശിവദാസിന്റെ വീട്ടിലടക്കം 9 ഓളം വീടുകളില്‍ സ്റ്റിക്കര്‍ കാണപ്പെട്ടു. പ്രധാനമായും ജനല്‍ ചില്ലുകളിലാണ് സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. 

  നീര്‍ക്കുന്നത്ത് രണ്ട് ദിവസം മുമ്പ് ചിലര്‍ ചില സാധനങ്ങള്‍ വില്‍ക്കാനെത്തിയിരുന്നു.ഇതിനു ശേഷമാണ് സ്റ്റിക്കര്‍ കണ്ടത്. വീട്ടുകാര്‍ ഇത് കാര്യമായെടുത്തില്ല. ഇന്നലെ മറ്റ് സ്ഥലങ്ങളില്‍ കൂടി ഇത് കണ്ടപ്പോഴാണ് വിവരം പുറത്തറിയിച്ചത്. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്ന് എസ്‌ഐ എം.പ്രതീഷ് കുമാര്‍ പറഞ്ഞു. 

  എങ്കിലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എസ്‌ഐ വ്യക്തമാക്കി. നിരവധി വീടുകളില്‍ നിന്ന് പരാതി ലഭിച്ചതോടെ പോലീസും വലഞ്ഞു. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പോലീസ് വ്യക്തമാക്കി. ചില പ്രദേശങ്ങളില്‍ സാമൂഹ്യവിരുദ്ധരും ജനങ്ങളെ ഭയപ്പെടുത്താന്‍ സ്റ്റിക്കര്‍ പതിക്കുന്നതായി വിവരം ഉണ്ട്. 

  സിസിടിവി ക്യാമറ വില്‍പ്പനക്കാര്‍ തങ്ങളുടെ കച്ചവടം വര്‍ദ്ധിപ്പാന്‍ സ്വീകരിച്ച തന്ത്രമാണോ ഇതെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. പലയിടത്തും പുതിയ വീടുകളിലെ ജനാല ചില്ലുകളിലാണ് കറുത്ത സ്റ്റിക്കര്‍ കണ്ടത്. ചില്ലുകള്‍ വാഹനങ്ങളില്‍ കൊണ്ടു പോകുമ്പോള്‍ പൊട്ടാതിരിക്കാന്‍ പലപ്പോഴും ഇത്തരത്തിലുള്ള റബ്ബറൈസ്ഡ് സ്റ്റിക്കര്‍ പതിക്കാറുണ്ട്. ഇത് ഇപ്പോഴാണ് പലരുടെയും ശ്രദ്ധയില്‍പ്പെട്ടതെന്നും കരുതുന്നു. 

  സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് വിശ്വസിക്കരുതെന്നും ആശങ്കപ്പെടേണ്ടിതില്ലെന്നും പോലീസ് ആവര്‍ത്തിക്കുമ്പോഴും ജനത്തിന്റെ ഭയം കുറയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.