ജില്ലയില്‍ വന്ധ്യംകരിച്ചത് 1,831 തെരുവുനായ്ക്കളെ

Thursday 1 February 2018 2:00 am IST

 

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്നു നടത്തുന്ന തെരുവുനായ നിയന്ത്രണ-പേവിഷപ്രതിരോധ പരിപാടി വിജയകരം. കണിച്ചുകുളങ്ങര മൃഗാശുപത്രിയോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ 2017 മേയ് മുതല്‍ ഇതുവരെ 1,831 തെരുവുനായ്ക്കളെ  വന്ധ്യംകരണത്തിന് വിധേയമാക്കി പേവിഷപ്രതിരോധ വാക്സിന്‍ നല്‍കി. 

തെരുവു മാലിന്യങ്ങള്‍ ഭക്ഷിച്ച് അലഞ്ഞു നടക്കുന്നതും ജനങ്ങളെ ആക്രമിക്കുന്നതുമായ നായ്ക്കളെ നിയന്ത്രിക്കുന്നതിന്  ജില്ലാ പഞ്ചായത്ത് ആരംഭിച്ചതാണ് കേന്ദ്രം. മാസം ശരാശരി 400 നായകളെയാണ് കേന്ദ്രത്തിലെത്തിക്കുന്നത്. എട്ടു ജീവനക്കാരാണ് കേന്ദ്രത്തിലുള്ളത്. 

  സീനിയര്‍ സര്‍ജന്‍ ഡോ.കെ.എ. ജോയിയുടെ നിരീക്ഷണത്തില്‍ ഡോ. എം.എസ്. ജിഷ്ണു, ഡോ. എസ്. റോഷന്‍ എന്നിവരാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നത്. ഇതോടൊപ്പം പേവിഷബാധയ്ക്കുള്ള മരുന്നു നല്‍കുന്നു. 

  സഹായത്തിനായി പ്രത്യേക പരിശീലനം ലഭിച്ച കുടുംബശ്രീ യൂണിറ്റ് അംഗങ്ങളായ കൊച്ചുറാണി, ദ്രൗപതി എന്നിവരെ നിയോഗിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം തെരുവുനായ്ക്കളെ പിടികൂടി എത്തിക്കുന്നത് എന്‍.വി. തോമസ്, റജി റപ്പായി എന്നിവരുടെ നേതൃത്വത്തിലാണ്. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. വിനുവിനാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല. 

പ്രത്യേക പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ തെരുവില്‍ നിന്നും നായകളെ നെറ്റ് ട്രാപ് ഉപയോഗിച്ച് പിടികൂടി വാഹനത്തില്‍ ക്രമീകരിച്ച ഇരുമ്പുകൂടിനുള്ളിലാക്കും. 15-20 നായകളെ ഇടാവുന്ന കൂടുകളാണുള്ളത്. രാവിലെ 11 നകം നായകളെ കേന്ദ്രത്തിലെത്തിക്കും. 

  നായകളെ കുളിപ്പിച്ച് രണ്ട് മണിക്കൂര്‍ വിശ്രമം നല്‍കിയശേഷം മയക്കിക്കിടത്തിയാണ് വന്ധ്യംകരണം നടത്തുന്നത്. പിടികൂടിയ നായകളെ വീണ്ടും പിടികൂടാതിരിക്കാന്‍ തിരിച്ചറിയുന്നതിനായി ചെവിയില്‍ അടയാളമിടും. 

  തെരുവുനായ നിയന്ത്രണ പദ്ധതിക്കായി രണ്ടു ലക്ഷം രൂപയാണ് പഞ്ചായത്തുകള്‍ ജില്ലാ പഞ്ചായത്തിന് നല്‍കിയിട്ടുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.