ആമിക്കെതിരായ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ്

Thursday 1 February 2018 2:45 am IST

കൊച്ചി : കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.  ഇടപ്പള്ളി സ്വദേശി അഡ്വ. കെപി രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

സിനിമയെടുക്കാനുള്ള സ്വാതന്ത്രത്തിന്റെ മറവില്‍ സംവിധായകന്‍ മാധവിക്കുട്ടിയുടെ ജീവിതത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ചാണ് ചിത്രം ഒരുക്കിയതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ വ്യക്തികളുടെ ജീവിതം ആസ്പദമാക്കി ചിത്രം എടുക്കുന്നത് തടയാന്‍ നിയമത്തില്‍ വ്യവസ്ഥ ഉണ്ടോയെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.

എന്നാല്‍ സിനിമ ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും ഇതനുവദിക്കരുതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഇത്തരം കാര്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡല്ലേ പരിഗണിക്കേണ്ടതെന്ന് കോടതി തുടര്‍ന്ന് ചോദിച്ചു. ഇതിനുശേഷമാണ് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ചത്. ഹര്‍ജി ഫെബ്രുവരി ആറിന് വീണ്ടും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.