അവിശ്വാസത്തെ ബിജെപി പിന്തുണച്ചു; ചെമ്മനാട് പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി

Thursday 1 February 2018 2:45 am IST

ചെങ്ങമനാട്: ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി. സിപിഎം ഭരണത്തിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം ബിജെപി പിന്തുണയോടെ പാസ്സായതാണ് സിപിഎമ്മിലെ പി.ആര്‍. രാജേഷിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. കോണ്‍ഗ്രസിലെ ദിലീപ് കപ്രശ്ശേരിയുടെ നേതൃത്വത്തിലാണ് യുഡിഎഫിലെ ആറ് അംഗങ്ങള്‍ അവിശ്വാസം കൊണ്ടു വന്നത്.

ഗ്രാമപഞ്ചായത്തില്‍ മൊത്തം 18 അംഗങ്ങളാണുള്ളത്. സിപിഎമ്മിനും യുഡിഎഫിനും ആറുവീതവും ബിജെപിക്ക് അഞ്ചും എസ്ഡിപിഐക്ക് ഒന്നും അംഗങ്ങളാണുള്ളത്. എസ്ഡിപിഐ വിട്ടുനിന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ബിജെപി അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. 

പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.കെ. രാജപ്പന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് ഹാളിലാണ് അവിശ്വസം ചര്‍ച്ചക്കെടുത്തത്. പ്രമേയം അവതരണത്തിന് ശേഷം ദിലീപും, രാജേഷും ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലാണ് ആറിനെതിരെ 11 വോട്ടുകള്‍ക്ക് അവിശ്വാസം പാസ്സായത്.

പ്രസിഡന്റ് രാജേഷിന്റെ പക്ഷപാത, ഏകാധിപത്യ  രാഷ്ട്രീയവത്കൃത ഭരണത്തിലും പഞ്ചായത്തിലെ വികസന മുരടിപ്പിലും പ്രതിഷേധിച്ചാണ് ബിജെപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം പിന്താങ്ങിയതെന്നും കോണ്‍ഗ്രസുമായി യാതൊരു വിധ കൂട്ടുകെട്ടുമില്ലെന്നും ബിജെപി അറിയിച്ചു. ഇനി വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലടക്കം ബിജെപി കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഒരുപോലെ എതിര്‍ക്കും. പഞ്ചായത്തിലെ മുഖ്യപ്രതിപക്ഷമായി ജനനന്മ മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട് പോകുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ജി.ഹരിദാസ്, മണ്ഡലം ജനറല്‍ സെക്രട്ടറി രൂപേഷ് പൊയ്യാട്ട്, പ്രതിപക്ഷ നേതാവ് എം.ബി. രവി, പഞ്ചായത്ത് പ്രസിഡന്റ് സി.സുമേഷ് എന്നിവര്‍ അറിയിച്ചു.

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ വൈസ് പ്രസിഡന്റാായ കോണ്‍ഗ്രസിലെ ആശ ഏല്യാസായിരിക്കും പ്രസിഡന്റിന്റെ ചുമതല വഹിക്കുക. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന തീയതി ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. അതിനിടെ, സെക്ഷന്‍ 157 പ്രകാരം അവിശ്വാസ പ്രമേയത്തിന്റെ കോപ്പി ഏഴ് ദിവസം മുമ്പ് അംഗങ്ങള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ ലംഘിച്ചാണ് വോട്ടെടുപ്പ് നടത്തിയതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് സ്ഥാനം നഷ്ടമായ രാജേഷ് പറഞ്ഞു.

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.