വിദേശ പൗരനെന്നു പറഞ്ഞ് തട്ടിപ്പ്: യുവാവ് പിടിയില്‍

Thursday 1 February 2018 2:45 am IST

കണ്ണൂര്‍: വിദേശ പൗരനെന്നു  പറഞ്ഞ്  ക്രൈസ്തവ ദേവാലയങ്ങളിലെത്തി  വികാരിമാരെ കബളിപ്പിച്ച് പണം കൈക്കലാക്കുന്ന വിരുതനെ പോലീസ് പിടികൂടി. ന്യൂദല്‍ഹി കിര്‍ക്കി സ്വദേശി   എല്‍വീസ്‌മെന്റാനെ(33)യാണ് പള്ളിക്കുന്ന് ശ്രീപുരത്തിനടുത്തുവെച്ച് പുരോഹിതരുടെ  വേഷത്തിലെത്തി പിടികൂടിയത്. 

 26ന് രാജപുരത്തെ പള്ളിയിലെത്തി ഫാദര്‍ ജെയിംസില്‍ നിന്നും 4000 രൂപ കൈക്കലാക്കിയതാണ്  അറസ്റ്റിലാവാന്‍ കാരണം.  അമേരിക്കന്‍ പൗരനാണെന്നും ഇംഗ്ലണ്ടില്‍ പഠിക്കുകയാണെന്നും ഇന്ത്യയില്‍ എത്തിയപ്പോള്‍ പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടുവെന്നും സഹായിക്കണമെന്നുമായിരുന്നു ഇയാള്‍ ഫാദര്‍ ജെയിംസിനോട് പറഞ്ഞത്. ഡഗ്ലസ് എന്നാണ് തന്റെ പേരെന്ന് പറഞ്ഞാണ് ഇയാള്‍ പരിചയപ്പെട്ടത്.

എന്‍ഫീല്‍ഡ് ബുള്ളറ്റിലാണ്  പള്ളിയില്‍  എത്തിയിരുന്നത്. ബാങ്ക്  അക്കൗണ്ട് നമ്പര്‍ വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ഡോണ്‍ബോസ്‌കോയിലെ ഒരു വിദ്യാര്‍ഥിയുടെ അക്കൗണ്ട് നമ്പര്‍ എല്‍വിസിനു നല്‍കുകയും ചെയ്തു.  പിറ്റേന്ന്   കണ്ണൂരിലെത്തിയ ഇയാള്‍ ഫാ.ജയിംസിന്റെ ഫോണ്‍ നമ്പറില്‍ 75000  രൂപകൂടി ആവശ്യപ്പെട്ട് സന്ദേശം അയച്ചു.  സംശയം തോന്നിയ ഫാ.ജയിംസ് പ്ലാക്കാട്ട് കണ്ണൂര്‍  പൊലീസുമായി ബന്ധപ്പെട്ടു. ഇയാള്‍ താമസിക്കുന്ന സ്ഥലം മനസിലായതോടെ ടൗണ്‍ സ്‌റ്റേഷനിലെ റൗഫ്, സഞ്ജയ്, അനില്‍ബാബു എന്നിവര്‍ വേഷം മാറി സ്ഥലത്തെത്തുകയായിരുന്നു. ഇതിലൊരാള്‍ ഫാ. ജെറോമാണെന്നും ഫാ.ജയിംസ് പ്ലാക്കാട്ട് പറഞ്ഞിട്ടാണ് വന്നതെന്നും പറഞ്ഞാണ് ഇയാളെ വലയിലാക്കിയത്. 

മുംബൈ അന്ധേരിയിലെ റോയി മേനോന്റെ മകന്‍ എല്‍വിസ് റോയ് എന്നപേരില്‍ വ്യാജ മറ്റൊരു പാസ്‌പോര്‍ട്ടുണ്ടെന്നും മനസിലായി. മണിപ്പാലില്‍ തന്റെ പാസ്‌പോര്‍ട്ട് കാണാതായി പോലീസിനു നല്‍കിയ പരാതിയുടെ കോപ്പി കാണിച്ചാണ് ഇയാള്‍  പള്ളികള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.