ബീഫ് വിവാദം: പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളേജ് അടച്ചു

Thursday 1 February 2018 2:45 am IST

കളമശ്ശേരി: ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യ്ക്ക് കീഴിലുള്ള പുളിങ്കുന്ന് എന്‍ജിനിയറിങ് കോളേജ് കാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. കാമ്പസിലെ ഹോസ്റ്റലുകളും അടച്ചതായി കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ജെ. ലത അറിയിച്ചു.

ബീഫ് കട്‌ലറ്റ് കഴിപ്പിച്ച പുളിങ്കുന്ന് എഞ്ചിനിയറിങ് കോളേജ് പ്രിന്‍സിപ്പലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കളമശ്ശേരിയിലെ കുസാറ്റ് ആസ്ഥാനത്ത് എത്തി സമരം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ഇന്നും സമരം തുടരുമെന്ന നിലപാടിലാണ് സമരക്കാര്‍. 200 പേര്‍ കാമ്പസില്‍ത്തന്നെ തങ്ങുകയാണ്. 

 കുസാറ്റ് കാമ്പസിലെ വിദ്യാര്‍ത്ഥികളും പഠന സമയത്തിന് ശേഷം സമരക്കാരോട് അനുഭാവം പ്രകടിപ്പിച്ച് സമരത്തില്‍ പങ്കെടുത്തു. ഇന്നലെ  രാവിലെ കുസാറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുന്നില്‍ ഉപരോധിച്ചാണ് ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്. പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സുനില്‍കുമാറിനെതിരെയാണ് ആരോപണം.  25ന് കോളേജില്‍ നടന്ന സെമിനാറിനിടെ  സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ബീഫ് കട്‌ലെറ്റ് നല്‍കി എന്നാണ് പരാതി. 

   കഴിഞ്ഞ ദിവസം അധികൃതര്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങളില്‍ നിന്ന് പിന്‍മാറാന്‍ കുട്ടികള്‍ തയ്യാറായിട്ടില്ല. പ്രതിഷേധ സമരങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.