ഭൂമി കൈയേറ്റം; ഹാരിസണിനെതിരായ ഹര്‍ജിയില്‍ വാദം തുടങ്ങി

Thursday 1 February 2018 2:45 am IST

കൊച്ചി: ഹാരിസണ്‍ മലയാളത്തിന്റെ കൈവശമുള്ള ഭൂമിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഹൈക്കോടതിയില്‍ അന്തിമവാദം ആരംഭിച്ചു. കേസ് മാറ്റിവെക്കണമെന്ന സിബിഐയുടെ ആവശ്യം തള്ളിയാണ് ഹൈക്കോടതിയുടെ നടപടി.  ഹാരിസണ്‍ മലയാളത്തിന്റെ കൈവശമുള്ള ഭൂമി സര്‍ക്കാരിന്റേതാണെന്നും വ്യാജരേഖ ചമച്ച് ഇവ കൈവശപ്പെടുത്തിയതാണെന്നുമാണ് സര്‍ക്കാരിന്റെ വാദം. 

ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ സിബിഐ അടുത്തിടെ അഭിഭാഷകനെ മാറ്റിയെന്നും പുതിയ ആള്‍ ചുമതല ഏല്‍ക്കുന്നതുവരെ കേസ് മാറ്റിവെക്കണമെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഇതനുവദിച്ചില്ല. ഡിസംബര്‍ 19 ന് ആക്ടിംഗ് ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരമാണ് ഹാരിസണ്‍ കേസ് പ്രത്യേക ബെഞ്ച് പരിഗണിക്കുന്നതെന്നും ജനുവരി 30 ന് ഹര്‍ജികള്‍ പരിഗണിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 

സിബിഐ  അഭിഭാഷകന്റെ നിയമനത്തിലെ ചുവപ്പുനാടയുടെ പേരില്‍ കേസ് മാറ്റാന്‍ കഴിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ ദിവസം ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ഹാരിസണ്‍ മലയാളം അധികൃതര്‍ക്കുവേണ്ടി ഹാജരാകുന്ന സുപ്രീം കോടതിയിലെ അഭിഭാഷകന് ഒരു ദിവസം സമയം വേണമെന്ന കാരണത്താല്‍ ഒരു ദിവസം മാറ്റി വച്ചു. 

ഇന്ന് അദ്ദേഹവും ഹാജരായി. ഹര്‍ജികളില്‍ വാദം ഒന്നോ രണ്ടോ ദിനം കൊണ്ട് അവസാനിക്കില്ല. ആ നിലയ്ക്ക് വാദം പൂര്‍ത്തിയാകും മുമ്പ് സിബിഐയുടെ അഭിഭാഷകന്‍ എത്തിയാല്‍ മതിയെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചതും അദ്ദേഹം ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചതും ചോദ്യം ചെയ്ത് ഹാരിസണ്‍ നല്‍കിയ ഹര്‍ജിയും ഇതില്‍ കക്ഷി ചേരാന്‍ മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, ഹാരിസണ്‍ മലയാളം ഭൂമി തട്ടിപ്പിനെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളും ഇതോടൊപ്പം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.