തമിഴരെ വണങ്ങി ഹിലരി ചെന്നൈയില്‍

Wednesday 20 July 2011 9:37 pm IST

ചെന്നൈ: വണക്കം, പ്രാദേശിക ഭാഷയിലെ ഹിലരി ക്ലിന്റന്റെ അഭിവാദ്യം ആഹ്ലാദാരവങ്ങളോടെയാണ്‌ ചെന്നൈയിലെ അണ്ണാ സെന്റിനറി ലൈബ്രറിഹാളിലെ ശ്രോതാക്കള്‍ സ്വീകരിച്ചത്‌. വിദ്യാര്‍ത്ഥികളും പ്രാദേശിക പ്രമുഖരുമടങ്ങുന്ന സദസ്സില്‍ ചലച്ചിത്രതാരങ്ങളായ ഗൗതമിയും കമല്‍ഹാസനുമുള്‍പ്പെടുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചരിത്രം ഏഷ്യയില്‍ കുറിക്കപ്പെടുമ്പോള്‍ അതിന്റെ തീരുമാനങ്ങള്‍ ഇന്ത്യയിലെ കേന്ദ്ര സംസ്ഥാനങ്ങളിലെ 1.3 ബില്യണ്‍ ജനങ്ങളാവും കൈക്കൊള്ളുക എന്ന്‌ തങ്ങള്‍ മനസിലാക്കുന്നുവെന്ന്‌ ഹിലരി പറഞ്ഞു.
ഇന്ത്യന്‍ വാണിജ്യത്തിന്റെ കവാടങ്ങള്‍ ലോകത്തേക്ക്‌ തുറന്നാല്‍ സമ്പല്‍സമൃദ്ധമായ ഇന്ത്യയും ഏഷ്യയും ഉണ്ടാകും. ഇവിടത്തെ ജനസമൂഹം സഹഷ്ണുതയുടെ പര്യായമായി ലോകത്തിന്‌ പ്രചോദനമാകുന്നു. ഇത്‌ പറയുന്നത്‌ നിങ്ങളുടെ പുരോഗതി അഭിനന്ദനത്തോടെ നിരീക്ഷിച്ചതിന്റെ വെളിച്ചത്തിലാണ്‌, ഹിലരി പറഞ്ഞു. ഇന്ത്യയും അമേരിക്കയും സംഘര്‍ത്തിലാണെന്ന പത്രവാര്‍ത്തകളെ കളിയാക്കിക്കൊണ്ട്‌ പത്രത്താളുകള്‍ മറിച്ചാല്‍ എന്താണ്‌ കാണുകയെന്ന്‌ നിശ്ചയമില്ലെന്ന്‌ അവര്‍ പറഞ്ഞു. സ്നേഹിതര്‍ തമ്മിലുണ്ടാകുന്നപോലെ ഞങ്ങള്‍ തമ്മില്‍ ഇടക്കിടെ അഭിപ്രായവ്യത്യാസങ്ങളുണ്ടായേക്കാം. പക്ഷെ ഞങ്ങളുടെ ഐക്യം അഭിപ്രായവ്യത്യാസങ്ങളേക്കാള്‍ എത്രയോ കൂടുതലാണ്‌. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന്‌ ഹിലരി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയുടെ അഭിപ്രായപ്രകടനത്തിന്‍പിന്നില്‍ മുഴുവന്‍ അമേരിക്കക്കാരും ഹൃദയപൂര്‍വം യോജിക്കുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു ശക്തിമത്തായ കൂട്ടുകെട്ടായിരിക്കും.
ആഗോളപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദികളില്‍ ഇന്ത്യക്ക്‌ അതിന്റേതായ സ്ഥാനമുണ്ടെന്നറിയിച്ച ഹിലരി ക്ലിന്റണ്‍ ഐക്യരാഷ്ട്രസുരക്ഷാസമിതിയിലെ ഇന്ത്യയുടെ അംഗത്വത്തെ അമേരിക്ക പിന്താങ്ങുന്നതായും അറിയിച്ചു. തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയെയും ഹിലരി ക്ലിന്റണ്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.