റോം: കോപ്പ ഇറ്റാലിയ കപ്പിന്റെ ആദ്യപാദ സെമിയില്‍ യുവന്റസിന് ജയം. നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് 1-0ന് അറ്റ്ലാന്റയെ കീഴടക്കി. അറ്റ്ലാന്റയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ അര്‍ജന്റീന സ്ട്രൈക്കര്‍ ഗൊണ്‍സാലൊ ഹിഗ്വയിനാണ് യുവന്റസിന്റെ വിജയഗോള്‍ നേടിയത്.
രണ്ട് മാസത്തെ ഇടവേളയ്ക്കുശേഷം ടീമില്‍ മടങ്ങിയെത്തിയ വെറ്ററന്‍ ഗോള്‍കീപ്പര്‍ ബഫണിന്റെ മികച്ച പ്രകടനമാണ് യുവന്റസിനെ രക്ഷിച്ചത്. ഒരു പെനാല്റ്റിയുള്പ്പെടെ അറ്റ്ലാന്റ താരങ്ങള്‍ സൃഷ്ടിച്ച നാലോളം ഗോളവസരങ്ങളാണ് ബഫണിന് മുന്നില്‍ വിഫലമായത്. 25-ാം മിനിറ്റില്‍ മെദി ബെനാഷ്യ ബോക്സിനുള്ളില്‍വച്ച് പന്ത് കൈകൊണ്ട് തടുത്തതിനാണ് യുവന്റസിനെതിരെ പെനാല്‍റ്റി വിധിച്ചത്.
എന്നാല്‍ അലസ്സാന്‍ഡ്രോ ഗോമസിന്റെ കിക്ക് ബഫണ് രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാം പാദമത്സരം ടൂറിനില്‍ ഫെബ്രുവരി 28ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: