കോടിയേരിയുടെ മകന്റെ സാമ്പത്തിക തട്ടിപ്പ്; ചോർത്തിയത് യെച്ചൂരി തന്നെ

Thursday 1 February 2018 2:45 am IST

ന്യൂദല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി ചോര്‍ത്തിയത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയെന്ന് ദുബായ് കമ്പനി ഉടമയുടെ അഭിഭാഷകന്‍ െവളിപ്പെടുത്തി. പാര്‍ട്ടിയില്‍ വന്‍പൊട്ടിത്തെറിക്ക് വഴിവെക്കുന്നതാണ് അഡ്വ. രാം കിഷോര്‍ സിംഗ് യാദവിന്റെ വെളിപ്പെടുത്തല്‍. കത്ത് ചോര്‍ത്തിയത് യെച്ചൂരിയാണെന്ന് ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിനോയിക്കെതിരെ കേസ് ഇല്ലെന്നത് തെറ്റാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. 

പണം തിരികെ ലഭിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സമീപിച്ചിരുന്നു. വിവാദങ്ങളില്ലാതെ പ്രശ്‌നം അവസാനിപ്പിക്കാനായി നല്‍കിയ പരാതി എന്നാല്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയാണ് യെച്ചൂരി ചെയ്തതെന്ന് ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

കൊല്‍ക്കത്തയില്‍ നടന്ന കേന്ദ്ര കമ്മറ്റിയില്‍ യെച്ചൂരിയുടെ കരട് രേഖ കാരാട്ട് പക്ഷം വോട്ടിനിട്ട് തള്ളിയിരുന്നു. കാരാട്ടിനൊപ്പമുള്ള കേരള ഘടകത്തിന് തിരിച്ചടി നല്‍കാന്‍ യെച്ചൂരിയാണ് പരാതി മാധ്യമങ്ങളിലെത്തിച്ചതെന്ന ആരോപണം ശരിവെക്കുകയാണ് അഭിഭാഷകന്‍. മാധ്യമങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ സമ്മേളന കാലത്ത് വ്യാജവാര്‍ത്തകള്‍ നല്‍കുന്നുവെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരിച്ചിരുന്നത്. 

യെച്ചൂരിക്ക് പരാതി നല്‍കിയ ശേഷം മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരെ കാണാന്‍ താനും മര്‍സൂഖിയും കേരളത്തിലെത്തി. എന്നാല്‍ അന്ന് തന്നെ വാര്‍ത്ത പുറത്ത് വന്നതോടെ സ്വയരക്ഷയെക്കരുതി കൂടിക്കാഴ്ചകള്‍ ഒഴിവാക്കി മടങ്ങി. ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്ത് അജ്ഞാതകേന്ദ്രത്തില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചന.

സാമ്പത്തിക കുറ്റകൃത്യമാണ് ബിനോയ്‌യുടേത്. കോടതി സമന്‍സ് അയച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്. അതിനാലാണ് ക്രിമിനല്‍ കുറ്റാന്വേഷണ വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് ബിനോയിക്ക് ലഭിച്ചതെന്നും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ദുബയ്‌യില്‍ കേസില്ലെന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്.

പണം ലഭിച്ചാൽ മാറ്റിപ്പറയും 

നിയമനടപടികള്‍ക്ക് മര്‍സൂഖിക്ക് താല്‍പര്യമില്ലെന്നാണ് അഭിഭാഷകന്‍ പറയുന്നത്. എങ്ങനെയെങ്കിലും പണം തിരിച്ചു ലഭിക്കാനാണ് ശ്രമിക്കുന്നത്. പണം ലഭിച്ചാല്‍ തെറ്റിദ്ധാരണയുടെ പുറത്താണ് കേസ് നല്‍കിയതെന്ന് പ്രസ്താവനയിറക്കാന്‍ തയ്യാറാണ്. കേരളത്തിലെ മൂന്ന് പ്രമുഖരാണ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്. തിങ്കളാഴ്ചയ്ക്ക് മുന്‍പ് പണം കിട്ടുമെന്ന് ഇവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ പത്രസമ്മേളനം നടത്തി തട്ടിപ്പിന്റെ രേഖകള്‍ പുറത്തുവിടും.  ഒരു വര്‍ഷത്തിലധികമായി ബിനോയ് അവഗണിക്കുന്നതിനാലാണ് സിപിഎം നേതൃത്വത്തെ സമീപിച്ചത്. ബിനോയ് 13 കോടിയും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് 11 കോടിയും നല്‍കാനുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.