ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടിലെ ദുരൂഹത നീക്കണം: കുമ്മനം

Thursday 1 February 2018 1:36 am IST

 

കണ്ണൂര്‍: ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ ദുരൂഹത നീക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബനോയിയുടെ സാമ്പത്തിക ശ്രോതസ്സുകള്‍ സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍ വിവരങ്ങള്‍ പുറത്ത് പറയണം. ജനങ്ങള്‍ക്ക് ഇതറിയാന്‍ താല്‍പര്യമുണ്ട്. ഗള്‍ഫില്‍ പിഴയടച്ചിട്ടുണ്ടെങ്കില്‍ എന്തെങ്കിലും കുറ്റം ചെയ്തിരിക്കണം. എന്താണ് ചെയ്ത കുറ്റം, അതിന് എത്രമാത്രം വ്യാപ്തിയുണ്ടെന്ന് കോടിയേരി വ്യക്തമാക്കണം. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും നിലപാട് വ്യക്തമാക്കണം. പരാതി ലഭിച്ചുവെന്ന് യെച്ചൂരി പറയുമ്പോള്‍ ഇല്ലെന്നാണ് പിണറായി പറയുന്നത്. ഇതു സംബന്ധിച്ച് പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു. 

അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ വാസവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തനിക്ക് എഴുത്ത് തന്നിരുന്നു. ജയില്‍ മോചിതനായാല്‍ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനുള്ള സാഹചര്യം അദ്ദേഹത്തിനുണ്ട്. ചില ബാങ്കുകളൊഴിച്ച് മറ്റെല്ലാ ബാങ്കുകളും അദ്ദേഹത്തിന് ജാമ്യം നല്‍കുന്നതിന് അനുകൂലമാണ്. ജയില്‍ മോചിതനായാല്‍ അദ്ദേഹത്തിന് ബാധ്യതകള്‍ തീര്‍ക്കാനാകുമെന്നും ഇത് സാമാന്യ നീതി ലഭിക്കുന്നതിന് വേണ്ടിയാണെന്നും കുമ്മനം പറഞ്ഞു.

ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.