ശ്യാംപ്രസാദ് വധക്കേസ് : പ്രതികളെ ചോദ്യം ചെയ്തു തുടങ്ങി പിന്നില്‍ ഉന്നത ഗൂഢാലോചനയെന്ന് കണ്ടെത്തിയതായി സൂചന

Thursday 1 February 2018 1:38 am IST

 

പേരാവൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കണ്ണവത്തെ ശ്യാംപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ കൂത്തുപറമ്പ് കോടതി കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ട എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി.  പ്രതികളെ ഇന്നലെ കൊലപാതകം നടന്ന സ്ഥലത്തും ആയുധമൊളിപ്പിച്ച സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. 

    കൊലപാതകം നടത്തിയ കൊമ്മേരിയിലും വയനാട്ടിലെ ചന്ദനത്തോപ്പിലുമാണ് പ്രതികളെ എത്തിച്ചത്. ശ്യാമപ്രസാദ് വധം ആസൂത്രിതമായിരുന്നുവെന്നും ഇതില്‍ ഗൂഡാലോന നടന്നതായും സംഭവം നടന്നയുടന്‍ പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകവുമായി  ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളുളളതായും  പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പും ചോദ്യം ചെയ്യലും. 

കേസില്‍ പത്തിലേറെ പ്രതികളുണ്ടെന്ന്  ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ ഉടന്‍  അറസ്റ്റിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.  പോലീസിന് പുറമെ വിവിധ അന്വേഷണ സംഘങ്ങളും  കൊലപാതക കേസ് അന്വേഷണംആരംഭിച്ചതായി അറിയുന്നു. 

എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതൃത്വത്തിനടക്കം കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുളളതായി അന്വേഷണ സംഘത്തിന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വിവരം ലഭിച്ചതായുംഅറിയുന്നു. കൊല നടന്ന മണിക്കൂറുകള്‍ക്കകം പ്രതികളെയും സഞ്ചരിച്ച വാഹനവും പോലീസ് പിടികൂടിയിരുന്നു. 

പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സിഐ എ.കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടി കുറ്റപത്രം സമര്‍പ്പിക്കാനുളള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.