എന്റെ പദ്ധതി: മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തു

Thursday 1 February 2018 12:45 pm IST

 

കണ്ണൂര്‍: പതിമൂന്നാം പഞ്ചവത്സര പദ്ധതി ( 2017-2022 ), വാര്‍ഷിക പദ്ധതി 2018-19യുടെ ഭാഗമായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ രൂപീകരിക്കുന്നതിനായി, ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ 'എന്റെ പദ്ധതി' പ്രസിഡണ്ട് കെ.വി സുമേഷ് പ്രകാശനം ചെയ്തു. 

        കൂടുതല്‍ ജനപങ്കാളിത്തത്തോടെ, മെച്ചപ്പെട്ട പദ്ധതി രൂപീകരിക്കാനാണ് മൊബൈല്‍ ആപ്ലിക്കേഷന് രൂപം നല്‍കിയതെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന് ഏറ്റെടുക്കാന്‍ കഴിയുന്ന പദ്ധതികളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഉല്‍പാദനം, സേവനം, പശ്ചാത്തലം എന്നീ മേഖലകളിലായി സമര്‍പ്പിക്കാം. ഉല്‍പാദന മേഖലയില്‍ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, പരിസ്ഥിതി സംരക്ഷണം, മണ്ണ് ജല സംരക്ഷണം എന്നിവയും സേവന മേഖലയില്‍ വിദ്യാഭ്യാസം, കല, സംസ്‌കാരം, യുവജന ക്ഷേമം, ആരോഗ്യം, കുടിവെള്ളം, ശുചിത്വം, മാലിന്യ സംസ്‌കരണം, പാര്‍പ്പിടം, സാമൂഹ്യ ക്ഷേമം എന്നിവയും പശ്ചാത്തല മേഖലയില്‍ ഊര്‍ജം, പൊതുമരാമത്ത് എന്നിവയും ഉപമേഖലകളാണ്. ഫെബ്രുവരി 10 വരെ ഇതിലൂടെ പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. 'എന്റെ പദ്ധതി' മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

        ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.ജയബാലന്‍, കെ.ശോഭ, വി.കെ.സുരേഷ് ബാബു, മെംബര്‍മാരായ അജിത്ത് മാട്ടൂല്‍, ജോയി കൊന്നക്കല്‍, സെക്രട്ടറി വി.ചന്ദ്രന്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.വി.സജീവന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.