മണ്ടൂരില്‍ കുന്നിടിക്കലും മണ്ണ് കടത്തലും വ്യാപകം

Thursday 1 February 2018 1:46 am IST

 

പയ്യന്നൂര്‍: മണ്ടൂരില്‍ കുന്നിടിച്ച് മണ്ണെടുത്ത് കടത്തല്‍ വ്യാപകമായി. പരിസരവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിയ മണ്ണിടിക്കല്‍ ഒരിടവേളക്ക് ശേഷം  വീണ്ടും നിര്‍ബാധം തുടരുന്നു.

  ചുമടുതാങ്ങിക്കും കോക്കാട് ബസ് സ്‌റ്റോപ്പിനും ഇടയില്‍ കെഎസ്ടിപി.റോഡിനോട് ചേര്‍ന്ന ചെമ്മണ്‍ കുന്നാണ് ഭൂമാഫിയകളുടെ യന്ത്രകരങ്ങളാല്‍ ഇല്ലാതാകുന്നത്. ചെറുതാഴംപഞ്ചായത്ത് ഓഫീസിനും വില്ലേജ് ഓഫീസിനുമിടയിലാണ് ഈ അനധികൃത കുന്നിടിക്കലെന്നത് ഏറെ വിചിത്രമാണ്.

    കാലത്ത് മുതല്‍ അന്തിയോളം ജെ.സി.ബി ഉപയോഗിച്ച് മണ്ണിടിച്ച് നിരവധി ടിപ്പറുകളില്‍ സമീപ പ്രദേശങ്ങളിലേക്ക് കടത്തുകയാണ്. ഇതു മൂലമുള്ള കൂറ്റന്‍ ശബ്ദവും പൊടിശല്യവും സമീപത്തുകാര്‍ക്ക് പ്രയാസമായി. വേനലില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി ഉണ്ടാകാറുള്ള ഈ പ്രദേശത്ത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന കുന്നാണ് ഇതുമൂലം ഇല്ലാതാകുന്നത്. കുന്നിടിക്കലിനും മണ്ണ് കടത്തിനുമെതിരെ ശക്തമായ നടപടിയെടുക്കാന്‍ #്ധികൃതര്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.