ചന്ദ്രന്‍ ഓറഞ്ച് നിറമാകുമ്പോള്‍ ,ചില അനുബന്ധങ്ങള്‍

Thursday 1 February 2018 8:27 am IST

ഒരുകൂട്ടം ഓറഞ്ച് കാണുമ്പോള്‍ ആരും ഒന്നു നോക്കിപ്പോകും.കണ്ണില്‍നിന്നും ആ കുളിര് മനസിലേക്കിറങ്ങി വരും.ഇന്നു പൂര്‍ണ്ണമായും ഓറഞ്ചു നിറമായി ചന്ദ്രനെ കണ്ടവര്‍ ഒരുപക്ഷേ എന്നത്തേക്കാളുമേറെ ഓറഞ്ചു നിറത്തെക്കുറിച്ച് കൂടുതല്‍ ഓര്‍ത്തേക്കാം. നിറങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്നതാണ് ഓറഞ്ചു വര്‍ണ്ണം.വിവരണാതീതമാണ് ഓറഞ്ചുനിറത്തിന്റെ പ്രത്യേകതകള്‍. ചുവപ്പും മഞ്ഞയും ചേര്‍ന്ന സങ്കരവര്‍ണ്ണമായ ഓറഞ്ച് പൊതുവെ ഉണര്‍വിന്റേയും ആഹ്‌ളാദത്തിന്റേയും നിറമായിട്ടാണ്കരുതുന്നത്. ശക്തി,സര്‍ഗാല്‍മകത, ധൈര്യം,അനുഭൂതി,കാമം,തീരുമാനം,ആരോഗ്യം എന്നുവേണ്ട ശുഭകരമായ നിരവധി വൈകാരികത നിറഞ്ഞതാണ് ഓറഞ്ച്.

ഓറഞ്ചുനിറത്തിന്റെ പലമാതിരി ഷേഡുകളുണ്ട്.ഇരുണ്ട ഓറഞ്ച്.ചുവപ്പുകൂടിയ ഓറഞ്ച്.മങ്ങിയതും സ്വര്‍ണ്ണ നിറമാര്‍ന്നതുമായ ഓറഞ്ച് എന്നിങ്ങനെ നാനാതരം സ്വഭാവ വിശേഷങ്ങള്‍ തുറന്നിടുന്ന അനുബന്ധ വര്‍ണ്ണങ്ങള്‍.ഇരുണ്ട ഓറഞ്ച് പേരു സൂചിപ്പിക്കുംപോലെ അസ്വസ്ഥതയുടെ ഒരുതരം ഇരുള്‍ച്ച ഉണ്ടാക്കാം.സമര്‍പ്പണവും സന്തോഷവും കര്‍മവും തീരുമാനവും ഉറപ്പാക്കുന്നതാണ് ചുവപ്പുകലര്‍ന്ന ഓറഞ്ച്. സ്വര്‍ണ്ണനിറ ഓറഞ്ചാകട്ടെ അഭിമാനവും അന്തസും ആരോഗ്യവും അറിവും ഗുണത്തിന്റേയും പ്രതിനിധിയാണ്. മങ്ങിയ നിറമാകട്ടെ ശക്തമായ സ്‌നേഹ ബന്ധത്തിന്റേതാണെന്നു പറയപ്പെടുന്നു.

മനശാസ്ത്രപരമായി ഓറഞ്ചുനിറത്തിന് വന്‍ സവിശേഷതയുണ്ട്. കാണുമ്പോള്‍ തന്നെ ഈ നിറം നമുക്കു കുളിര്‍മ നല്‍കിക്കൊണ്ട് നിരാശയിലേക്കോ അശുഭാപ്തിയിലേക്കോ പോകാത്തവിധം ഒരുതരം ഉണര്‍വിന്റെ അഭയം നല്‍കുകയാണ് ചെയ്യുന്നത്.നിത്യവും ഓറഞ്ചു നിറവുമായി ബന്ധപ്പെടുന്നത് നന്നായിരിക്കുമെന്നും സങ്കല്‍പ്പമുണ്ട്. ചെറിയ ചില വസ്തുക്കള്‍ പേന, കപ്പ് തുടങ്ങിയവ ഉപയോഗിച്ചാലുംമതി. യാഥാര്‍ഥ്യം നിരാശയുടെ അവസ്ഥയാണെങ്കില്‍ തന്നെയും അതിനെതിര്‍വശം ചിന്തിച്ചുകൊണ്ടിരിക്കാന്‍ മാനസികമായി ഈ നിറം പ്രേരിപ്പിച്ചുകൊണ്ടിരിക്കും.

ആഹ്‌ളാദത്തിന്റേയും സൗഹൃദത്തിന്റേയും ആരോഗ്യപരമായ അന്തരീക്ഷത്തില്‍ ഉണര്‍ന്നും ഉയര്‍ന്നും പ്രവര്‍ത്തിക്കാന്‍ ഓറഞ്ചുനിറം സഹായിക്കും. ഭക്ഷണ ഹാളിലും കൂട്ടായ്മ സ്ഥലത്തും നേര്‍ത്ത ഓറഞ്ചു ഷേഡുള്ള പശ്ചാത്തലമാണെങ്കില്‍ കൂടുതല്‍ ഉൗര്‍ജദായകമായിരിക്കും കാര്യങ്ങള്‍. കൂടുതല്‍ നേരം ചെലവിടാം. നന്നായി ഭക്ഷണം കഴിക്കാനും ഇത്തരം അന്തരീക്ഷത്തില്‍ സാധിക്കും. സുതാര്യതയും തുറവിയും പ്രദാനംചെയ്ത് നന്മയിലേക്കും ആത്മവിശ്വാസത്തിലേക്കും പ്രചോദിപ്പിക്കാന്‍ ഈ നിറത്തിനു കഴിയുമെന്നാണ് മനശാസ്ത്ര വീക്ഷണം.

ദേവതാ സങ്കല്‍പ്പവുമായി കൂടുതല്‍ ഇണങ്ങിനില്‍ക്കുന്നതാണ് ഓറഞ്ച് വര്‍ണ്ണം. ഇന്ത്യയിലും ഈജിപ്തിലും ഇത് കൂടുതല്‍ പ്രകടമാണ്. അഗ്നിയില്‍ ഈ നിറത്തിന്റെ സാന്നിധ്യം അധികമാണ്. മഴവില്ലിന്റെ പ്രാഥമിക നിറംകൂടിയാണിത്. ചില രാജ്യങ്ങളില്‍ ഓറഞ്ച് ഔദ്യോഗിക നിറമാണ്. നെതര്‍ലാന്റിന്റെ ദേശീയനിറമാണ് ഓറഞ്ച്. ചൈനയ്ക്കും ജപ്പാനും ഓറഞ്ച് പ്രണയത്തിന്റേയും സന്തോഷത്തിന്റേയും നിറമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.