ചവറ: പരാതികള്‍ക്ക് പരിഹാരം കാണാനുള്ള ഇടം മാത്രമല്ല പോലീസ് സ്റ്റേഷന്, ജനങ്ങള്‍ക്ക് കരുതലിന്റെയും സുരക്ഷയുടെയും അറിവുകള്‍ പകരുക കൂടി വേണമെന്ന് തെളിയിക്കുകയാണ് ചവറ പോലീസ് സ്റ്റേഷന്. ദേശീയപാതയുടെ അരികിലുള്ള സ്റ്റേഷന്റെ മതിലുകളില്‍ നോക്കിയാല്‍ കാണാം സുരക്ഷിതയാത്രക്കായി അവബോധം പകരുന്ന വാക്കുകളും ചിത്രങ്ങളും. അപകടത്തില്‍പെട്ട് തകര്‍ന്ന വാഹനങ്ങള്‍ തുരുമ്പ് പിടിച്ച് നശിച്ചുകിടക്കുന്ന കാഴ്ചയായിരുന്നു സ്റ്റേഷന്റെ മുന്ഭാഗമെങ്കില് ഇപ്പോള്‍ ആ സ്ഥിതിക്ക് കൂടി പരിഹാരം കണ്ടിരിക്കുകയാണ്. ചുമര്മനോഹരമാക്കിയതോടെയാണ് ഇത് സാധ്യമായത്. അടുത്തിടെ സ്റ്റേഷന് കെട്ടിടം പെയിന്റ് ചെയ്ത് മനോഹരമാക്കിയിരുന്നു. അപ്പോള്‍ തോന്നിയ ആശയമാണ് മതിലില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത്. അപകടരഹിതയാത്രക്കായുള്ള സുരക്ഷാനിര്ദ്ദേശങ്ങളാണ് മതിലിലുള്ളത്. അപകടകരമായ ഡ്രൈവിംഗ്, ഹെല്‍മറ്റിന്റെ ആവശ്യകത, റോഡ് നിയമങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളുണ്ട്. ബസ് സ്റ്റോപ്പും, നിരന്തരം യാത്രക്കാര്‍ കടന്നുപോകുന്ന ദേശീയപാതയും ഉള്ളതിനാല്‍ എപ്പോഴും കാണാനും അതുവഴി അപകടരഹിതയാത്രക്കുള്ള തിരിച്ചറിവ് ജനങ്ങളിലെത്തിക്കാനുമാണ് ഇത്തരത്തില്‍ പോലീസ് സ്റ്റേഷന് മതിലുകളെ ഉപയോഗപ്പെടുത്തിയതെന്ന് ചവറ എസ്ഐ ജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: