കേന്ദ്രത്തിന്റേത് രക്ഷാ ബജറ്റ്

Thursday 1 February 2018 2:13 pm IST

ന്യൂദല്‍ഹി: കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന വികസനം എന്നീ മേഖലകളിലൂന്നി സമഗ്ര വികസനം നടപ്പാക്കുന്നതാണ് 2018-19 വര്‍ഷത്തെ സാമ്പത്തിക ആസൂത്രണ പദ്ധതി. ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചു.

വരുമാന നികുതി ഈടാക്കല്‍ ഘടനയില്‍ മാറ്റമില്ല. മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും ധന നിക്ഷേപങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുണ്ട്. 1.48 ലക്ഷം കോടി രൂപയുടെ റെയില്‍വേ ഗതാഗത മേഖലയിലെ പദ്ധതികളും ബജറ്റിലുണ്ട്. 

കൃഷിയുടെയും മനുഷ്യരുടെയും ആരോഗ്യം സംരക്ഷിക്കാന്‍ പര്യാപ്തമായ ബജറ്റ് രാജ്യ വളര്‍ച്ചയ്ക്ക് സഹായകമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ നാലു വർഷം കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ നേട്ടങ്ങൾ എടുത്തുയർത്തിക്കാട്ടിയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബജറ്റ് അവതരണം ആരംഭിച്ചത്. കഴിഞ്ഞ നാലു വർഷത്തിനിടെ സർക്കാർ നടപ്പിലാക്കിയ പദ്ധതികളെല്ലാം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ സാധിച്ചുവെന്ന് ജെയ്‌റ്റ്‌ലി പ്രസംഗത്തിൽ പറഞ്ഞു. 

2014 തൊട്ടുള്ള നാല് വർഷത്തിൽ ഇന്ത്യ ശക്തമായ സാമ്പത്തിക പുരോഗതിയാണ് നേടിയത്. മൂന്ന് വർഷം കൊണ്ട് 7.5 ശതമാനത്തിന്റെ വളർച്ച ഇന്ത്യ നേടുകയുണ്ടായി. ഇപ്പോൾ 2.5 ട്രില്ല്യൻ ഡോളറിന്റെ സാമ്പത്തിക ശക്തിയായി മാറാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ മികച്ചതാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു.  ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഉടൻ തന്നെ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരാമാവധി പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ എപ്പോഴും ശ്രമിക്കുന്നത്. രാജ്യത്തിന്റെ 42 നഗരങ്ങളിൽ സൗഹൃദ വ്യാപര കേന്ദ്രങ്ങൾ നടപ്പിലാക്കാൻ സർക്കാരിനായി. 2018ലെ ബജറ്റ് പ്രധാനമായും കൃഷി, വ്യവസായം, ഗ്രാമങ്ങളുടെ വികസനം, ആരോഗ്യം, മുതിർന്ന പൗരന്മാരുടെ സംരക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആരോഗ്യം

രാജ്യത്തിലെ പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനുവേണ്ടി ഇത്തവണത്തെ ബജറ്റിൽ വലിയ ഒരു തുക തന്നെയാണ് കേന്ദ്രധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി മാറ്റി വച്ചത്. രാജ്യത്തിന്റെ ഉന്നമനം പൗരന്മാരുടെ ആരോഗ്യത്തിൽ അധിഷ്ഠിതമാണെന്നുള്ള ഉറച്ച ബോധം തന്നെയാണ് ഈ നീക്കത്തിന്റെ പിന്നിലുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ നടപടിയാണ് 2018-2019 ബജറ്റിൽ ജെയ്‌റ്റ്‌ലി സ്വീകരിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ എല്ലാ വർഷവും പാവപ്പെട്ട  കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ ആശുപത്രി ചികിത്സയ്ക്കായി വകയിരുത്തുമെന്നതാണ് ഈ ബജറ്റിലെ മുഖ്യ ആകർഷണം.

രാജ്യത്തെ പാവപ്പെട്ട 10 കോടി കുടുംബങ്ങൾക്ക് ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണം ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. അതായത് 50 കോടി പേർക്ക് ഗുണം ലഭ്യമാകും.കേന്ദ്രസർക്കാർ ആരോഗ്യസംരക്ഷണത്തെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ശരിയായ രീതിയിൽ എല്ലാവർക്കും ആരോഗ്യ സംരക്ഷണം ഉറപ്പാക്കും. 24 ജനറൽ ആശുപത്രികളെ മെഡിക്കൽ കോളെജായി മാറ്റും. എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും ഒരു മെഡിക്കൽ കോളെജെങ്കിലും സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗതാഗതം

ഇതിനു പുറമെ രാജ്യത്തെ ഗതാഗത രംഗത്തിനും ഉണർവേകുന്ന തരത്തിലാണ് ബജറ്റ് പ്രഖ്യാപനം നടത്തിയത്. റെയില്‍വേയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ 1.48 ലക്ഷം കോടി രൂപ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ബജറ്റില്‍ പ്രഖ്യാപിച്ചു. 600 റെയില്‍വേ സ്റ്റേഷനുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം വികസിപ്പിക്കും. മുംബൈയില്‍ ഗതാഗത സൗകര്യം വിപുലപ്പെടുത്താന്‍ പദ്ധതിയിട്ടു. ബംഗളൂരുവില്‍ 160 കിലോ മീറ്റര്‍ നഗരപ്രാന്ത റെയില്‍ സംവിധാനം വികസിപ്പിക്കും.

വര്‍ഷം ഒരുകോടി യാത്രക്കാര്‍ക്ക്‌ സംവിധാനമൊരുക്കുന്ന തരത്തില്‍ വിമാനത്താവളങ്ങള്‍ വികസിപ്പിക്കും. പ്രാദേശികമായി 56 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ട്രെയിനിലും വൈഫൈ, സിസിടിവി. ഭാരത്‌ മാലാ പദ്ധതിയില്‍ 9,000 കിലോ മീറ്റര്‍ ഹൈവേ പണിയും. എല്ലാ ടോള്‍ പിരിവും ഡിജിറ്റലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍ഷികം

കാര്‍ഷിക മേഖലയ്ക്കും വൻ പ്രാധാന്യമാണ് ബജറ്റിൽ നൽകിയിരിക്കുന്നത്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുക, കാര്‍ഷിക വളര്‍ച്ച സാക്ഷാത്‌കരിക്കുക, അടിസ്ഥാന സൗകര്യ വികസനം സര്‍വ്വ മേഖലയിലും നടപ്പാക്കുക, മുതിര്‍ന്ന പൗരന്മാരുടെ പരിരക്ഷയ്‌ക്ക്‌ വേണ്ടതു ചെയ്യുക, വിദ്യാഭ്യാസ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നിവയാണ്‌ പ്രധാന പൊതു ലക്ഷ്യങ്ങള്‍. 

വിളകള്‍ക്ക്‌ താങ്ങുവില നിലവിലുള്ളതിന്റെ ഒന്നര ഇരട്ടി കൂട്ടും. ഉല്‍പ്പാദന ചെലവിന്റെ അനുപാതത്തിലായിരിക്കും ഇത്‌. ഗ്രാമീണ വിപണന ചന്തകളില്‍ സൗകര്യം മെച്ചപ്പെടുത്തും. പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതി പ്രകാരം നടപ്പാക്കം. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകന്‌ പരമാവധി നേട്ടമുണ്ടാക്കികൊടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:ബജറ്റ് 2018