ആഭ്യന്തരോല്പാദനം ആദ്യമായി ദേശീയ ശരാശരിക്കു താഴെ

Thursday 1 February 2018 3:11 pm IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികനില അതിഗുരതരമാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. മൊത്ത ആഭ്യന്തരോല്പാദനം ചരിത്രത്തിലാദ്യമായി ദേശീയ ശരാശരിയേക്കാള്‍ പിന്നിലായതായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ മൊത്ത ആഭ്യന്തരോല്പാദനം എക്കാലത്തും അഭിമാനകരമാംവിധം ഉയര്‍ന്നതായിരുന്നു.

2015-16ല്‍ ദേശീയ ശരാശരിയായ 9.95നേക്കാള്‍ താഴ്ന്ന് 8.59 ശതമാനത്തിലാണ് ആഭ്യന്തരോല്പാദനം.പ്രതീക്ഷിച്ച വളര്‍ച്ചാനിരക്കിന്റെ അടുത്തെത്താന്‍ കഴിഞ്ഞില്ലന്ന്  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ പ്രതീക്ഷിത വളര്‍ച്ചാനിരക്കായ 14.24 ശതമാനത്തിന്റെ സ്ഥാനത്ത് 8.16 ശതമാനം മാത്രമാണ് കൈവരിച്ചത്. ഇത് സംസ്ഥാന ബജറ്റില്‍ വിഭാവനചെയ്തിരുന്ന സാമ്പത്തിക സൂചകങ്ങളെ പാടെ തകിടം മറിച്ചു. മുന്‍കാലങ്ങളില്‍ കൈവരിച്ച സാമ്പത്തിക സ്ഥിതി സുഗമമായി കൈവരിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. 

ഗള്‍ഫ് കൗണ്‍സിലില്‍ അംഗമായ രാജ്യങ്ങള്‍ നടപ്പിലാക്കിയ ദേശസാല്‍കൃത നയങ്ങള്‍ വിദേശപണത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും അത് ഗാര്‍ഹിക ഉപഭോഗത്തില്‍ കുറവുണ്ടാക്കുകയും ചെയ്തു. വിദേശപണത്തിന്റെ വരവിലുണ്ടായ ഇടിവ് സംസ്ഥാനത്തിന്റെ വാണിജ്യ, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണമേഖലകളെ ദുര്‍ബലപ്പെടുത്തി. കയര്‍, കൈത്തറി, കൃഷിയും അനുബന്ധമേഖലകള്‍ തുടങ്ങിയ മേഖലകളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍  നിശ്ചലമായി. കേരളത്തിന്റെ ഗ്രാമീണ, നഗര സമ്പദ് വ്യവസ്ഥ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള സഹകരണമേഖല അടച്ചുപൂട്ടലിന്റെ വക്കിലെത്തി.  ഉപഭോഗ ആവശ്യങ്ങള്‍ നിശ്ചലമായി.

കേന്ദ്രവിഹിത കൈമാറ്റത്തിന്റെ വളര്‍ച്ചാനിരക്ക് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്രവിഹിതവും ഗ്രാന്റ് ഇന്‍ എയ്ഡും ഉള്‍പ്പടെ ലഭിച്ച കേന്ദ്രവിഹിത കൈമാറ്റം 2013-14ല്‍ 11,606.89 കോടിയായിരുന്നത് 2016-17ല്‍ 23,735.37 കോടിയായി ഉയര്‍ന്നു. കേന്ദ്രനികുതി വിഹിതം 15,225.02 കോടി ഉയര്‍ന്ന് 19.97 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. 2016-17ല്‍ കേന്ദ്രത്തില്‍നിന്ന് ഗ്രാന്റ് ഇന്‍ എയ്ഡായി സംസ്ഥാനത്തിന് 8,510.35 കോടി രൂപ ലഭിച്ചു. ഇതില്‍ റവന്യൂ കമ്മി നികത്തുന്നതിനുള്ള ഗ്രാന്റായ 3,350 കോടി രൂപയുംകൂടി ഉള്‍പ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.