നിര്‍ദ്ധനര്‍ക്ക് ആശ്വാസമായി കാരുണ്യ പദ്ധതി

Friday 2 February 2018 2:16 am IST


ആലപ്പുഴ: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ക്ക് ആശ്വാസമേകുന്ന 'കാരുണ്യ ബെനവലന്റ്' പദ്ധതി പ്രകാരം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ജില്ലാ ഭാഗ്യക്കുറി ഓഫീസ് മുഖേന വിതരണം ചെയ്തത് 50 കോടിയിലധികം രൂപ. മൂവായിരത്തോളം അപേക്ഷകളിലാണ് ഇത്രയും തുക അനുവദിച്ചത്.
  നിലവില്‍ ഒരു മാസം ശരാശരി എട്ടര കോടിയോളം രൂപ ചികിതിസാ സഹായമായി ജില്ലയില്‍ നല്‍കുന്നുണ്ടെന്ന് ജില്ലാ ലോട്ടറി ഓഫീസര്‍ ബി. മുരളീധരന്‍ അറിയിച്ചു. കാന്‍സര്‍, ഹൃദ്രോഗം, കരള്‍, മസ്തിഷ്‌ക രോഗങ്ങള്‍, നട്ടെല്ലിനും സുഷുമ്‌ന നാഡിക്കുമുണ്ടാകുന്ന മാരകരോഗങ്ങള്‍, ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് പരമാവധി രണ്ടുലക്ഷം രൂപ വരെയും, കിഡ്‌നി സംബന്ധമായ രോഗികള്‍ക്ക് മൂന്ന് ലക്ഷവും സഹായം നല്‍കുന്നു.
  അത്യാവശ്യ ഘട്ടങ്ങളില്‍ രോഗിയെ പ്രവേശിപ്പിക്കുമ്പോള്‍ പോലും പണം അനുവദിക്കാറുണ്ട്.  കാരുണ്യ ലോട്ടറിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് കാരുണ്യ ചികിത്സാ സഹായമായി അനുവദിച്ചുവരുന്നത്.
  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ജനറല്‍ ആശുപത്രി, പരിയാരം സഹകരണ മെഡിക്കല്‍ കോളേജ്, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ്, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി, റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ചികിത്സ തേടുന്നവര്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ട്. കൂടാതെ അക്രഡിറ്റ് ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്.
  ജില്ലാകളക്ടര്‍ ചെയര്‍മാനായ ജില്ലാതല കമ്മിറ്റി രേഖകള്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്നവര്‍ക്കാണ് കാരുണ്യ സംസ്ഥാന ഓഫീസ് മുന്‍കൂര്‍ ചികിത്സ അനുമതി നല്‍കുന്നത്. ഹീമോഫീലിയ രോഗികള്‍ക്ക് വരുമാന പരിധിയില്ലാത്തതിനാല്‍ പരിധിയില്ലാതെ ധനസഹായം ലഭിക്കും. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും വാര്‍ഷികവരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള എപിഎല്‍ കുടുംബങ്ങള്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം.
  രോഗി സ്ഥിരമായി താമസിക്കുന്നതും റേഷന്‍ കാര്‍ഡുള്ളതുമായ ജില്ലയിലെ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ചികിത്സ ധനസഹായത്തിനുള്ള അപേക്ഷ ഫോറം പ്രധാന ആശുപത്രികളിലും ജില്ലാഭാഗ്യക്കുറി ഓഫിസിലും ംംം.സലൃമഹമഹീേേലൃശല.െരീാ ംംം.സമൃൗി്യമ.സലൃമഹമ.ഴീ്.ശി ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.