ശബരിമല ശുചീകരിക്കാന്‍ 3200 അമൃതാനന്ദമയീമഠം സന്നദ്ധസേവകര്‍

Friday 2 November 2012 8:51 pm IST

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ അമൃതാനന്ദമയീമഠം പ്രവര്‍ത്തകര്‍ ഇന്നും നാളെയും സന്നിധാനവും പമ്പയും ശുചീകരിക്കും. സന്നിധാനത്ത്‌ 2200 സന്നദ്ധപ്രവര്‍ത്തകരും സ്ത്രീകളും വിദ്യാര്‍ത്ഥിനികളും അടക്കം 1000 പേര്‍ പമ്പയിലും ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. രാവിലെ 6.30 മുതല്‍ വൈകിട്ട്‌ 5 മണി വരെയാണ്‌ ശൂചീകരണം നടത്തുന്നതെന്ന്‌ സ്വാമി ജ്ഞാനാമൃതാനന്ദപുരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
സന്നിധാനത്ത്‌ 16 സ്ക്വാഡുകളായി തിരിച്ചാണ്‌ ശുചീകരണം. സ്വാംശീകരിക്കാവുന്നതും അല്ലാത്തതുമായി തരംതിരിച്ച്‌ മാലിന്യം ശേഖരിച്ച്‌ ചാക്കുകളിലാക്കി സംസ്ക്കരണത്തിനായി ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കും. പമ്പയിലെ ശുചീകരണം ഇന്ന്‌ വൈകുന്നേരത്തോടെ അവസാനിക്കും. പമ്പയാറ്റില്‍നിന്നുള്ള തുണികള്‍ ശേഖരിക്കുകയെന്നതാണ്‌ പ്രധാന പ്രവര്‍ത്തനം. പുണ്യനദിയായ പമ്പയില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത്‌ അവസാനിപ്പിക്കുന്നതിനായി ദേവസ്വംബോര്‍ഡ്‌ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും സ്വാമി ജ്ഞാനാമൃതാനന്ദപുരി പറഞ്ഞു. ബ്രഹ്മചാരി സുദീപ്‌, ബ്രഹ്മചാരി രാജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.