പേട്ടയില്‍ സിപിഎമ്മിന്റെ ആസൂത്രിത ആക്രമണം; കടയും കാറും തകര്‍ത്തു

Friday 2 February 2018 2:00 am IST

 

പേട്ട: പേട്ടയില്‍ സിപിഎം ഗുണ്ടകളുടെ കരുതിക്കൂട്ടിയുളള ആക്രമണം. മാര്‍ക്കറ്റ് കരാറുകാരനും ബിജെപി  മേഖലാ ജനറല്‍ സെക്രട്ടറിയുമായ നിസാറിന്റെ മാര്‍ക്കറ്റിനുളളിലെ കട അടിച്ചു തകര്‍ത്തതിന് പുറമെ ഒരു കാറും അടിച്ചു തകര്‍ത്തു. പേട്ട എസ്‌ഐയേയും ഓട്ടോ ഡ്രൈവര്‍ ഷംനാദിനേയും അക്രമികള്‍ മര്‍ദ്ദിച്ചു. വിഭാഗീയതയില്‍ പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കെ പ്രദേശത്ത് അക്രമം വ്യാപകമായി അഴിച്ചുവിടുന്നതിന്റെ മുന്നൊരുക്കമായിരുന്നു അരങ്ങേറിയത്. 

കഴിഞ്ഞ രാത്രിയില്‍ പേട്ട ജംഗ്ഷനിലായിരുന്നു സംഭവം. മാര്‍ക്കറ്റിലെ മുന്‍ കരാറുകാരനും സിഐടിയു തൊഴിലാളിയുമായ കൊല്ലം ബാബുവിന്റെ നേതൃത്വത്തിലായിരുന്നു അക്രമം.  പത്തോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. മദ്യപിച്ചെത്തിയ ഗുണ്ടകള്‍  യാതൊരു പ്രകോപനവുമില്ലാതെ  കണിയാട്ടിയമ്മന്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്നിരുന്ന  നിസാറിന്റെ മകന്‍ ബോബിയെ വെട്ടാന്‍ ഒരുങ്ങിക്കൊണ്ടാണ് അക്രമത്തിന് തുടക്കമിട്ടത്. ബോബി ഓടി രക്ഷപ്പെട്ടതോടെ ഗുണ്ടകള്‍  മാര്‍ക്കറ്റിനുളളില്‍ കയറി നിസാറിന്റെ കട അടിച്ചു തകര്‍ത്തു. ഇരുമ്പ് ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച കട പൂണ്ണമായും അടിച്ച് പൊളിച്ച് റോഡിലെറിഞ്ഞു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓട്ടോഡ്രൈവര്‍ വണ്ടി ഓടിക്കാന്‍ വിസമ്മതിച്ചതോടെ ഡ്രൈവറെ വാഹനത്തില്‍ നിന്നു പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. 

സംഭവസ്ഥലത്തെത്തിയ പേട്ട പോലീസ് കൊല്ലം ബാബുവിനേയും കൂട്ടാളി പേട്ട സ്വദേശി രാജേഷിനേയും പിടികൂടുന്നതിനിടയില്‍ രാജേഷ് തെറിവിളിച്ച് എസ്‌ഐയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് പോലീസുകാര്‍ ഇരുവരേയും ബലപ്രയോഗത്തിലൂടെ ജീപ്പില്‍ കയറ്റി. ഇതിനിടയില്‍  പോലീസ് ജീപ്പില്‍ കയറ്റിയവരെ ജീപ്പില്‍  നിന്ന് പിടിച്ചിറക്കാനുളള ശ്രമവും കൂടെയുണ്ടായിരുന്ന ഗുണ്ടകള്‍  നടത്തി. സ്റ്റേഷനിലേക്ക് പോകുന്നതിനിടയില്‍  പാലത്തിന് മുകളിലുണ്ടായ ഗതാഗത കുരുക്കില്‍ ജീപ്പ് പെട്ടതോടെയാണ് പ്രതികളെ രക്ഷപ്പെടുത്താനുളള ശ്രമം നടത്തിയത്. എന്നാല്‍  സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍  ഗതാഗത കുരുക്ക് മാറ്റി പോലീസ് വാഹനം കടത്തിവിട്ടതോടെ അക്രമികള്‍ പുറകെ വന്ന കാര്‍ തടഞ്ഞ് നിര്‍ത്തി മുന്നിലെ ഗ്ലാസ്സ് അടിച്ചു തകര്‍ക്കുകയായിരുന്നു. നിസാറിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയശേഷം പ്രതികള്‍ രക്ഷപ്പെട്ടു. 

പേട്ട മാര്‍ക്കറ്റ് നിസാര്‍ ലേലം പിടിച്ചതിലുളള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം  പാര്‍ട്ടി ഉന്നത നേതാക്കളുടെ ഒത്താശയോടെ കൊല്ലം ബാബുവാണ് ലേലത്തിലെടുത്തിരുന്നത്.  സംഭവത്തില്‍  ബിജെപി ഏരിയ കമ്മറ്റിയും മണ്ഡലം കമ്മറ്റിയും പ്രതിഷേധിച്ചു.

സിപിഎം ഗുണ്ടകള്‍ അടിച്ചു തകര്‍ത്ത നിസാറിന്റെ  കടയിരുന്ന ഭാഗവും കാറും

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.