അര്‍ജ്ജുനന്‍ ആ സംശയം അവതരിപ്പിക്കുന്നു (12-7)

Friday 2 February 2018 2:30 am IST

കൃഷ്ണാ! അങ്ങയെ അനന്യഭക്തിയാല്‍ എപ്പോഴും സേവിക്കുന്നവര്‍, അങ്ങയുടെ പ്രപഞ്ചാതീതധാമത്തില്‍ എത്തിച്ചേരും എന്നുപറഞ്ഞു. അങ്ങയുടെ പരമാത്മഭാവത്തെയും അവ്യക്തമായ ബ്രഹ്മഭാവത്തെയും ധ്യാനയോഗത്തിലൂടെ സേവിക്കുന്നവരുണ്ട്. ഇവരില്‍വച്ച് ഏതുതരക്കാരാണ് യോഗവിത്തന്മാര്‍? യോഗത്തിന്റെ പരിപൂര്‍ണത അറിയുന്നവരും, ആ പരിപൂര്‍ണതയില്‍ എത്തിച്ചേരുന്നവരും ആരാണ്?

കൃഷ്ണന്റെ കരചരണാദ്യവയവങ്ങളോടുകൂടിയതും സച്ചിദാനന്ദപൂര്‍ണവുമായ വ്യക്തരൂപത്തില്‍ ആകൃഷ്ടരായവരാണ് ഭക്തന്മാര്‍. ബ്രഹ്മധ്യാനം ചെയ്യുന്നവര്‍ ഭഗവാന്റെ ദേഹത്തില്‍നിന്ന് പ്രവഹിക്കുന്ന ബ്രഹ്മതേജസ്സില്‍ ആകൃഷ്ടരായി അതിനപ്പുറത്തുള്ള ഭഗവദ്രൂപത്തെപ്പറ്റി ചിന്തിക്കുന്നേ ഇല്ല. ബ്രഹ്മതേജസ്സിന്നപ്പുറത്ത് ഭഗവാന്റെ വ്യക്തിരൂപമുണ്ടെന്നും, ആ ഭഗവദ്രൂപമാണ് പരമതത്ത്വമെന്നും അറിഞ്ഞവര്‍ ഭഗവാനോടു പ്രാര്‍ത്ഥിക്കുന്ന ഒരു മന്ത്രമുണ്ട്. വേദത്തില്‍ വായിക്കുക.

''ഹിരണ്മയേണ പാത്രേണ

സത്യസ്യാപിഹിതം മുഖം

തത്ത്വം പൂഷന്നപാവൃണു

സത്യധര്‍മ്മായ ദൃഷ്ടായ''

(ഈശാവാസ്യോപനിഷത്ത്)

(=ഭക്തന്മാരെ പോഷിപ്പിക്കുന്ന-വളര്‍ത്തുന്ന ഭഗവാനേ, സ്വര്‍ണംപോലെയുള്ള പ്രഭാപൂരം എന്ന മൂടികൊണ്ട്, സത്യത്തെ മൂടിവച്ചിരിക്കുന്നു. അതായത് തീക്ഷ്ണമായ പ്രഭാപൂരമാക്കുന്ന മൂടികൊണ്ട് മൂടിവച്ചതുകാരണം, സൂര്യഗോളത്തെക്കാണാന്‍ കഴിയാത്തതുപോലെയുള്ള അവസ്ഥയിലാണ് ഞാന്‍. എനിക്ക് അങ്ങയുടെ സത്യമായ രൂപത്തെയും സൗന്ദര്യാദി ഗുണങ്ങളെയും കാണാന്‍ കഴിയുംവിധം ആ തേജസ്സിനെ മാറ്റിത്തന്നാലും)

സൂര്യതേജസ്സിനെക്കണ്ട് തൃപ്തിയടയുന്നവനാണോ ശ്രേഷ്ഠന്‍? സൂര്യഗോളത്തെത്തന്നെ കാണുന്നവനാണോ ശ്രേഷ്ഠന്‍? ഭഗവാന്റെ തേജസ്സായ ബ്രഹ്മത്തെ ഉപാസിക്കുന്നവരാണ് ഭക്തന്മാര്‍. മാത്രമല്ല, അവര്‍ നിത്യയുക്തന്മാരാണ്-അവര്‍ എല്ലാ ലൗകികകര്‍മ്മങ്ങളും വൈദികകര്‍മ്മങ്ങളും ആത്മീയകര്‍മ്മങ്ങളും എന്നോട് ബന്ധപ്പെടുത്തി, എനിക്കുവേണ്ടി ചെയ്യുന്നു. അവര്‍ ചിലപ്പോള്‍ കടയില്‍ചെന്ന് അരി, ശര്‍ക്കര, നാളികേരം മുതലായവ വാങ്ങുന്നതുകാണാം; അടുപ്പത്ത് പാകം ചെയ്യുന്നതു കാണാം. അത് എനിക്ക് നിവേദ്യം ഉണ്ടാക്കുകയാണ്. ചിലപ്പോള്‍ പ്രണവം ഗായത്രി മന്ത്രം മുതലായവ ജപിക്കുന്നത് കാണാം. അവര്‍.

ഓമിത്യേകാക്ഷരം ബ്രഹ്മ

വ്യാഹരന്‍, മാമനുസ്മരന്‍ (8-13)

ഗായത്രീഛന്ദസാമഹം - (10-35)

(=ഓം എന്ന ബ്രഹ്മാക്ഷരം ജപിക്കുമ്പോള്‍, ഹൃദയത്തില്‍ ധ്യാനിക്കേണ്ടത് എന്നെയാണ്; ഈ കൃഷ്ണനെയാണ് (8-13)മന്ത്രങ്ങളില്‍ വെച്ച് ഗായത്രീമന്ത്രം ഞാന്‍ തന്നെയാണ്. എന്റെ വിഭൂതിയാണ്)എന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുഷ്ഠിക്കുകയാണ് എന്ന് മനസ്സിലാക്കണം.

ചിലപ്പോള്‍ ഗണപതി ഭഗവാന് ഏത്തമിട്ടു പ്രാര്‍ത്ഥിക്കുന്നത് കാണാം. പക്ഷേ, എന്റെ ഭക്തന്മാരുടെ പ്രാര്‍ത്ഥന ഇങ്ങനെയായിരിക്കും.

''ശ്രീകൃഷ്ണ ഭജനത്തിന് 

വരും വിഘ്‌നമശേഷവും

തീര്‍ത്തു ഭക്തരെ രക്ഷിക്കും 

വിഘ്‌നരാജന് കുമ്പിടാം! (പി. കുഞ്ഞിരാമന്‍ നായര്‍) ഇങ്ങനെ എന്റെ ഭക്തന്മാര്‍ ഓരോ നിമിഷവും എനിക്കുവേണ്ടി, എന്റെ ആരാധനയായിരുന്ന ലൗകികവും വൈദികവും ആത്മീയവുമായ കര്‍മ്മങ്ങള്‍ ചെയ്യുന്നു. 

പരയാശ്രദ്ധയാ ഉപേതാഃ അവരുടെ ശ്രദ്ധപരയാണ്-ഉത്കൃഷ്ടമാണ്. എന്നില്‍നിന്നോ ''മത്കര്‍മ്മകൃന്മത് പരമോ'' എന്ന് ഞാന്‍ മുന്‍പ് പറഞ്ഞ ഭക്തിയുടെ ഘടകങ്ങളില്‍ നിന്നോ അവരുടെ ശ്രദ്ധ തെന്നിപ്പോവുകയില്ല. മാത്രമല്ല, സ്വജനങ്ങളെയും ഭാര്യാപുത്രാദികളെയും ഭക്തിമാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിപ്പിക്കാനും ശ്രമിക്കും. അതാണ് പരയായ ശ്രദ്ധ.

ഈ രീതിയില്‍ എന്നില്‍ അര്‍പ്പിതമായി ജീവിക്കുന്നവരാണ്, നീ ചോദിച്ച യോഗവിത്തന്മാര്‍. ഇവര്‍ തന്നെയാണ് മുക്തതമന്മാര്‍ എന്ന് ഞാന്‍ ഉറച്ച തീരുമാനമെടുത്തിരിക്കുന്നു.

ഫോണ്‍: 9961157857

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.