വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങി: തലശ്ശേരി തീരത്തെ കടല്‍ വിഴുങ്ങുന്നു

Thursday 1 February 2018 8:40 pm IST

 

തലശ്ശേരി: വിശാലമായ പുലിമുട്ടുകള്‍ സ്ഥാപിച്ച് തലായി തുറമുഖം അധികൃതര്‍ സുരക്ഷിതമാക്കിയതോടെ കടലേറ്റവും തിരയടിയും തൊട്ടടുത്ത തലശ്ശേരി തീരത്തേക്ക് വഴിമാറി. ഇത് തീരദേശ വാസികളെ ആശങ്കയിലാഴ്ത്താനും തുടങ്ങി. പ്രകൃതിക്ഷോഭങ്ങള്‍ക്ക് പിറകെ പതിവ് വേലിയേറ്റവും അനുഭവപ്പെടുന്ന സമയങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ കടല്‍ത്തീരത്തുള്ള റോഡിലേക്ക് ഇടക്കിടെ ആഞ്ഞടിക്കുകയാണിപ്പോള്‍. ഈ പൈതൃകതീരം സംരക്ഷിക്കാന്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കുമെന്ന് വിവിധ സമയങ്ങളില്‍ സ്ഥലം സന്ദര്‍ശിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും ഇത് വരെ  രക്ഷയ്‌ക്കെത്തിയിട്ടില്ല.  

തലശ്ശേരി ജവഹര്‍ഘട്ട് മുതല്‍ കടല്‍പ്പാലം വരെയുള്ള കടലോരം തീര്‍ത്തും നാശോന്മുഖ പരുവത്തിലാണുള്ളത്. മത്സ്യ മാര്‍ക്കറ്റിനടുത്തുള്ള വലിയ മരങ്ങളും തൊഴിലാളികള്‍ വലകളും മറ്റും സൂക്ഷിക്കുന്ന ഷെഡുകളും ഓരോന്നായി കടലില്‍ വീണുകഴിഞ്ഞു. ശേഷിക്കുന്നതിനെയും ആര്‍ത്തലച്ചെത്തുന്ന തിരകള്‍ കടപുഴകിത്തുടങ്ങിയിട്ടുണ്ട്. കടലിന് തൊട്ടരികിലുള്ള ബീച്ച്, ജനറല്‍ ആശുപത്രി, കടല്‍പ്പാലം, ജവഹര്‍ഘട്ട്, കോട്ട ഉള്‍പെടെയുള്ള ചരിത്ര സ്മാരകങ്ങളും ഭീഷണിയിലാണുള്ളത്. വാണിജ്യ തുറമുഖമാക്കി തലശ്ശേരിയെ മാറ്റാന്‍ സംസ്ഥാനം മുന്‍കൈ എടുക്കുമെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എല്ലാ സഹായങ്ങളും ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. 2013 ല്‍ കേന്ദ്ര മന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും അന്നത്തെ സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍കുമാറും കടലാക്രമണം രൂക്ഷമായ മത്സ്യമാര്‍ക്കറ്റിന് പിറകിലെ കടല്‍ത്തീരം സന്ദര്‍ശിച്ച് സംരക്ഷണ പദ്ധതികള്‍ ഉടന്‍ ആവിഷ്‌കരിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. 

എന്നാല്‍ ഇതൊക്കെ വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. കേരളത്തില്‍ ഭരണമാറ്റം വന്നതോടെ മുന്‍ മന്ത്രിമാരുടെ വാഗ്ദാനങ്ങളൊന്നും ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പുതിയ മന്ത്രിസഭ താല്‍പ്പര്യം കാണിക്കുന്നുമില്ല. തലശ്ശേരി എംഎല്‍എയും സംസ്ഥാന സര്‍ക്കാരും താല്‍പര്യമെടുത്താല്‍ തലശ്ശേരി തീരപ്രദേശം പഴയ പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുമെന്ന കാര്യത്തിന്‍ സംശയമില്ല. വികസന പ്രവര്‍ത്തികള്‍ക്ക് എത്രകോടി വേണമെങ്കിലും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നിരിക്കെ രക്ഷകരെത്താത്തതിനാല്‍ തലശ്ശേരിത്തീരം അലിഞ്ഞു തീരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ മനസ്സ് വെച്ചാല്‍ തലശ്ശേരി പൈതൃകതീരം യാഥാര്‍ത്ഥ്യമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.