നൗഫല്‍ വധം: പ്രതികള്‍ വലയിലായതായി സൂചന

Thursday 1 February 2018 8:43 pm IST

 

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ താഴെചൊവ്വയിലെ നൗഫല്‍ വധക്കേസിലെ പ്രതികള്‍ പോലീസ് വലയിലായതായി സൂചന. കഴിഞ്ഞ ഡിസംബര്‍ 9ന് രാവിലെ ആറോടെയാണ് നൗഫലിന്റെ മൃതദേഹം റെയില്‍വേ സ്റ്റേഷന് സമീപം കണ്ടെത്തിയത്. കുഴഞ്ഞുവീണ് മരിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പയ്യന്നൂര്‍ സിഐ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വഷിക്കുന്നത്. 

ചെറുവത്തൂരില്‍നിന്നേറ്റ മര്‍ദ്ദനമാണ് മരണത്തിനിടയാക്കിയതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവറുടെ മൊഴിയെ തുടര്‍ന്ന് ചെറുവത്തൂരില്‍വെച്ച് നൗഫലിനെ മര്‍ദ്ദിച്ച മൂന്നംഗ സംഘത്തെ പോലീസ് കണ്ടെത്തി വിശദമായി ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചെങ്കിലും അന്വേഷണത്തിന്റെ പൂര്‍ത്തീകരണത്തിനായി നൗഫലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതില്‍ താമസം വന്നു.

സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ മൈസൂരിലാണ് ഉള്ളതെന്ന് കണ്ടെത്തി. ഈ ഫോണ്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ കയ്യില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. മോഷ്ടാക്കളില്‍ നിന്നും ഇവരിത് വിലക്കുവാങ്ങിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് പ്രതികളെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറായിട്ടുള്ളത്. 

മൈസൂര്‍ ചെറുവത്തൂര്‍ യാത്രക്കിടയില്‍ മാണ്ട്യ കോളനി വാസിയായ പോക്കറ്റടിക്കാരനാണ് നൗഫലിന്റെ ഫോണ്‍ പോക്കറ്റടിച്ച് സ്ത്രീക്ക് വില്‍പന നടത്തിയത്.  ഇതോടെ ചെറുവത്തൂരില്‍നിന്നുള്ള മര്‍ദ്ദനം തന്നെയാണ് മരണത്തിന് കാരണമെന്ന് പോലീസ് സ്ഥിതീകരിക്കുകയും ഇവരെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനുള്ള നടപടിയിലുമാണ് പോലീസ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.