കീഴാറ്റൂരില്‍ നിലവിലുളള അലൈന്‍മെന്റിലൂടെ ഹൈവേ നിര്‍മ്മിക്കും; വിട്ടുവീഴ്ചയില്ല: പി.ജയരാജന്‍

Thursday 1 February 2018 8:46 pm IST

 

കണ്ണൂര്‍: കീഴാറ്റൂരില്‍ നിലവിലുളള അലൈന്‍മെന്റിലൂടെ തന്നെ ഹൈവേ നിര്‍മ്മിക്കുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കീഴാറ്റൂരില്‍ ദേശീയപാത സ്ഥലമെടുപ്പ് നടക്കുമ്പോള്‍ ജനങ്ങളെ ഇളക്കിവിട്ട് മുതലെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മതമൗലിക തീവ്രവാദികള്‍ സമരക്കാരോടൊപ്പം കൂടിയിരിക്കുകയാണ്. അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്ന് ജയരാജന്‍ പറഞ്ഞു. കീഴാറ്റൂരിലെ സമരത്തിന്റെ പേരില്‍ സിപിഐയുടെ അതൃപ്തി അവരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവര്‍പഴയ നിലപാടില്‍ നിന്നും പിന്മാറുമെന്നാണ് വിശ്വാസം. നാടിന്റെ സമാധാനത്തിന് മുന്‍ഗണ നല്‍കണമെന്നാണ് പാര്‍ട്ടി ജില്ലാ സമ്മേളനം ചര്‍ച്ചചെയ്തു തീരുമാനിച്ചിട്ടുളളത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടേതായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടാകും. എന്നാലത് പാര്‍ട്ടിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ വിമര്‍ശനം നേരിടേണ്ടിവരും. എഴുത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മര്യാദപാലിക്കണമെന്നും ജയരാജന്‍ പറഞ്ഞു. ശ്യാമപ്രസാദിന്റെ വീട്ടില്‍ പോകേണ്ടെന്ന് സിപിഎം തീരുമാനിച്ചിട്ടില്ലെന്നും ശ്യാമപ്രസാദ് വധം ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു. എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യമുണ്ടോ എന്ന ചോദ്യത്തില്‍ നിന്നും ജയരാജന്‍ ഒഴിഞ്ഞുമാറി. 

പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറര്‍ സിജി ഉലഹന്നാന്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.