മെട്രോനിര്‍മ്മാണം: നഗരത്തില്‍ ഗതാഗത നിയന്ത്രണം

Friday 2 February 2018 2:45 am IST

കൊച്ചി: സഹോദരന്‍ അയ്യപ്പന്‍ റോഡിലെ മനോരമ ജംഗ്ഷനില്‍ മെട്രോ റെയില്‍ നിര്‍മാണത്തോടനുബന്ധിച്ച് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. സഹോദരന്‍ അയ്യപ്പന്‍ റോഡിലും അനുബന്ധ റോഡുകളിലും നാളെ മുതലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

പനമ്പിള്ളി നഗര്‍ റോഡില്‍ നിന്നും മനോരമ ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങള്‍ കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡിനു മുന്‍വശം വച്ച് വലത്തേക്ക് തിരിഞ്ഞ് പനമ്പിള്ളി നഗര്‍ ഫസ്റ്റ് ക്രോസ്സ് റോഡിലൂടെ ജിസിഡിഎ ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് സഹോദരന്‍ അയ്യപ്പന്‍ റോഡിലൂടെ പോകണം. വൈറ്റില ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞ് മനോരമ ജംഗ്ഷനും ജിസിഡിഎ ജംഗ്ഷനും ഇടയിലുള്ള യു ടേണ്‍ എടുത്ത് പോകണം. പനമ്പിള്ളി നഗറില്‍ നിന്നും മനോരമ ജംഗ്ഷനിലേക്ക് നേരിട്ട് വാഹനങ്ങള്‍ പ്രവേശിക്കുന്നത് അനുവദിക്കുന്നതല്ല.

പനമ്പിള്ളി നഗര്‍ ഭാഗത്ത് നിന്നും തേവര, കൊച്ചി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കോയിത്തറ, ചക്കാലക്കല്‍ റോഡിലുടെ തേവര അണ്ടര്‍ പാസ്സ് വഴിയോ കിഴവന റോഡ് വഴിയോ പോകേണ്ടതാണ്.

സിറ്റിയില്‍ നിന്നും എറണാകുളം സൗത്ത് ഓവര്‍ബ്രിഡ്ജ് വഴി പനമ്പിള്ളി നഗറിലേക്ക് വരുന്ന വാഹനങ്ങള്‍ മനോരമ ജങ്ഷന്‍ കഴിഞ്ഞ് ജിസിഡിഎ ജംഗ്ഷനില്‍ വലത് വശത്തേക്ക് തിരിയരുത്. 

വൈറ്റില  ഭാഗത്ത് നിന്നും വരുന്ന പനമ്പിള്ളി നഗറിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഫ്രൂട്ടി ജംഗ്ഷനില്‍ വച്ച് ഇടത്തോട്ട് തിരിഞ്ഞ് കെ.പി. വള്ളോന്‍ റോഡിലെത്തി ജസ്റ്റിസ് വി.ആര്‍.കൃഷ്ണ അയ്യര്‍ റോഡിലൂടെ പനമ്പിള്ളി നഗറിലേക്ക് പോകാവുന്നതാണ്.

ജിസിഡിഎ ഭാഗത്ത് നിന്നും എറണാകുളം സൗത്ത്  ഓവര്‍ബ്രിഡ്ജിലേക്ക് വരുന്ന ബസ്സുകള്‍ നിലവിലുള്ള ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്നത് ഒഴിവാക്കി ഏകദേശം 30 മീറ്റര്‍ മുമ്പുള്ള വെസ്റ്റേണ്‍ ടയേഴ്‌സ് സ്ഥാപനത്തിന് സമീപം നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടതാണ്. 

ബാനര്‍ജി റോഡ് ചിറ്റൂര്‍ റോഡില്‍ നിന്നും വൈറ്റില  ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചിറ്റൂര്‍ റോഡ്- രാജാജി റോഡ് ജംഗ്്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കെഎസ്ആര്‍ടിസി, സലിം രാജ മേല്‍ പാലത്തിലൂടെ കെ.കെ.റോഡ് വഴി സുഭാഷ് ചന്ദ്ര ബോസ് റോഡിലൂടെ  പോകണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.