കേന്ദ്ര ബജറ്റ് കൊച്ചിക്ക് കൈനിറയെ

Friday 2 February 2018 2:45 am IST

കൊച്ചി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ് കൊച്ചിയുടെ വികസനത്തിന് കരുത്താകും. കൊച്ചി കപ്പല്‍ ശാല, കൊച്ചി തുറമുഖം, സ്‌പൈസസ് ബോര്‍ഡ്, ടീ ബോര്‍ഡ് എന്നിവയ്ക്ക് പണം നീക്കി വെക്കാന്‍ കേന്ദ്രം മറന്നില്ല.  കൊച്ചി കപ്പല്‍ശാലയ്ക്ക് 495 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. വികസന പാതയിലുള്ള കപ്പല്‍ശാലയ്ക്ക് ഇത് ഗുണം ചെയ്യും. 

നിലവില്‍ വിമാന വാഹിനി കപ്പലിന്റെ നിര്‍മ്മാണം കപ്പല്‍ ശാലയില്‍ നടക്കുന്നുണ്ട്. കപ്പല്‍ അറ്റകുറ്റപ്പണിക്കായി അന്താരാഷ്ട്ര സംവിധാനത്തോടെയുള്ള യാര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. യുദ്ധക്കപ്പലുകള്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാനും ധാരണയായി. ആഴക്കടല്‍ മത്സ്യബന്ധനക്കപ്പല്‍ നിര്‍മ്മാണവും ആരംഭിക്കുന്നുണ്ട്. കപ്പല്‍ശാലയ്‌ക്കൊപ്പം, കൊച്ചി തുറമുഖത്തിന്റെ വികസനവും മുന്നില്‍ കണ്ടാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 82.60 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചിട്ടുള്ളത്. 

കേരളത്തിന്റെ തേയില വ്യാപാരത്തിന് ഉണര്‍വേകാന്‍ ടീ ബോര്‍ഡിന് 145 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചാണ് തേയില വ്യാപാരവും ലേലവും വ്യാപകമായി നടക്കുന്നത്. സുഗന്ധദ്രവ്യങ്ങളുടെ വില്‍പ്പനയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രം നടപടിയെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സ്‌പൈസസ് ബോര്‍ഡിന് 80 കോടി രൂപ അനുവദിച്ചിട്ടുള്ളത്. 

ഫിഷറീസ് മേഖലയ്ക്ക് 94.82 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കൊച്ചിയുടെ തീരമേഖലയ്ക്കും ഇതിന്റെ ഗുണം ലഭിക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കും കേന്ദ്രം ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. കൊച്ചിക്കും ഇത് ഗുണം ചെയ്‌തേക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.