വരുന്നത് വന്‍വികസന പദ്ധതികള്‍ രാജ്യത്തിന്റെ ടൂറിസം മുഖമാകാന്‍ കുമരകം

Friday 2 February 2018 2:00 am IST
ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ടൂറിസത്തിന്റെ മുഖമാകാന്‍ ഇനി കുമരകവും. കായലോര ടൂറിസം കേന്ദ്രമെന്ന നിലയില്‍ സഞ്ചാരികളുടെ മനസ്സില്‍ ഇടം പിടിച്ച കുമരകത്ത് വരാനിരിക്കുന്നത് വന്‍വികസന പദ്ധതികളാണ്.

 

കോട്ടയം : ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ടൂറിസത്തിന്റെ മുഖമാകാന്‍ ഇനി കുമരകവും. കായലോര ടൂറിസം കേന്ദ്രമെന്ന നിലയില്‍ സഞ്ചാരികളുടെ മനസ്സില്‍ ഇടം പിടിച്ച കുമരകത്ത് വരാനിരിക്കുന്നത് വന്‍വികസന പദ്ധതികളാണ്. ഇന്നലെ ധനമന്ത്രി അരുണ്‍ ജയ്റ്റലി പ്രഖ്യാപിച്ച ബജറ്റില്‍ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന പത്തു  കേന്ദ്രങ്ങളെ ഇന്ത്യയിലെ വിനോദസഞ്ചാരത്തിന്റെ മുഖങ്ങളായി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിലൊന്ന് കുമരകമാണ്. 

     2000 ത്തില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ് പേയിയുടെ കുമരകം സന്ദര്‍ശനത്തോടെയാണ് കുമരകം ആഗോള ശ്രദ്ധ നേടിയത്. വാജ്‌പേയിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കുമരകം പാക്കേജ് ഈ കായലോര വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനുള്ള ആണിക്കല്ലായിരുന്നു. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ പാക്കേജിലെ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ താത്പര്യം കാണിച്ചില്ല. 

       കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രത്യേക താത്പര്യവും കുമരകം ഇന്ത്യയിലെ 10 കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നതിന് സഹായകമായി. റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് കുമരകം അനുഭവിക്കുന്നത്. കുമരകത്തിന്റെ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ വിഭാവനം ചെയ്ത ചേര്‍ത്തല - കോട്ടയം ടൂറിസം ഹൈവേ എങ്ങുമെത്തിയിട്ടില്ല. 

      ടൂറിസത്തിന്റെ ഗുണം തദ്ദേശീയര്‍ക്കും കൂടി ലഭിക്കുന്ന വിധത്തില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് കുമരകത്തെ വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് അവാര്‍ഡ് കുമരകത്തെ തേടിയെത്തിയതിനു കാരണവും ഉത്തരവാദിത്ത ടൂറിസമാണ്.എങ്കിലും കായല്‍ മലനീകരണം വലിയൊരു പ്രശ്‌നമാണ്. കുമരകത്ത് ഏകദേശം 300 -ല്‍ അധികം ഹൗസ് ബോട്ടുകളാണ് സഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്നത്. ഓരാ വര്‍ഷവും വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കൂടി വരികയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.