സുസ്ഥിരവികസനത്തിന്റെ സമ്പൂര്‍ണ ബജറ്റ്‌

Friday 2 February 2018 2:20 am IST
നോട്ട് നിരോധനം, ചരക്ക് സേവന നികുതി നടപ്പിലാക്കല്‍ തുടങ്ങിയ പരിഷ്‌കരണ പരിപാടികളില്‍ പ്രാരംഭദശയില്‍ ഉണ്ടായ കാര്‍ഷിക വ്യവസായ ഉത്പാദന മേഖലകളിലെ മാന്ദ്യം മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റിലുണ്ട്. സുസ്ഥിരവികസനത്തിലേക്കുള്ള ചൂണ്ടുപലകയായിട്ടുവേണം ഈ ബജറ്റിനെ നാം നോക്കിക്കാണാന്‍.

ഗ്രാമീണ മേഖലയ്‌ക്കൊപ്പം കാര്‍ഷിക മേഖലയ്ക്കും ആരോഗ്യരംഗത്തിനുമാണ് ബജറ്റ് ഊന്നല്‍ കൊടുത്തിരിക്കുന്നത്. കര്‍ഷകരുടെ അദ്ധ്വാനത്തിന് അര്‍ത്ഥമുണ്ടാക്കാനും അവന്റെ കാര്‍ഷികവരുമാനം പതിന്മടങ്ങായി ഉയര്‍ത്താനും ജീവിതനിലവാരം മെച്ചപ്പെടുത്താനും ബജറ്റ് വിഭാവനം ചെയ്യുന്നു. പ്രക്രൃതി കൃഷിരീതിയിലൂടെ ഔഷധസസ്യങ്ങളും സുഗന്ധവിളകളും വളര്‍ത്തിയെടുക്കാനും, കൃഷിയില്‍ വനിതാ പങ്കാളിത്തം ഉറപ്പ് വരുത്താനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. കാര്‍ഷിക വിളകളുടെ വിലനിര്‍ണ്ണയാവകാശം കര്‍ഷകര്‍ക്ക് നല്‍കാനും താങ്ങുവില നിശ്ചയിക്കാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. മത്സ്യക്കൃഷിയും, പുഷ്പകൃഷിയും, മൃഗസംരക്ഷണത്തിനുമായുള്ള പശ്ചാത്തല സൗകര്യവികസനവും, നിക്ഷേപ സമാഹരണവും പ്രത്യേക ഫണ്ടും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ഭക്ഷ്യസംസ്‌കരണം സാധ്യതകളേറെയുള്ള മേഖലയായാണ് സര്‍ക്കാര്‍ കരുതുന്നത്. 

ഈ ബജറ്റില്‍  ആരോഗ്യസംരക്ഷണ പദ്ധതിക്ക് സര്‍ക്കാര്‍ എറെ പ്രാധാന്യം കൊടുത്തിരിക്കുന്നു. ആശുപത്രിചെലവുകള്‍കൊണ്ട് പാപ്പരാകുന്നവര്‍ക്ക് ആശ്വാസമായി, സര്‍ക്കാര്‍ അമ്പത് കോടി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന പദ്ധതിക്കാണ് ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതി പ്രതിരോധ പരിപാടികള്‍ക്കാണ് പ്രാമുഖ്യം കൊടുക്കുന്നത്.  ശുചിത്വമിഷന്റെ ഭാഗമായി രാജ്യത്ത് രണ്ടുകോടി ശൗചാലയങ്ങള്‍ പണിയാന്‍ ബജറ്റ് ഉദ്ദേശിക്കുന്നു. ഒരു കുടുംബത്തിന്റെ പ്രതിവര്‍ഷം അഞ്ചുലക്ഷം എന്ന തോതില്‍ നൂറുകോടി കുടുംബങ്ങള്‍ക്കുള്ള ചികിത്സാ സഹായം ഈ ബജറ്റിന്റെ പ്രത്യേകതയാണ്. ഇരുപത്തിനാല് പുതിയ മെഡിക്കല്‍ കോളേജുകള്‍ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ആദായ നികുതി നിരക്കുകളില്‍ മാറ്റം വരുത്തിയില്ലെങ്കിലും വ്യക്തികളുടെ ആരോഗ്യ സംരക്ഷണം മുന്‍ നിര്‍ത്തി മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് പതിനയ്യായിരം രൂപയില്‍ നിന്നു നാല്‍പ്പതിനായിരമായി ഉയര്‍ത്തുകയും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സാ ചിലവിന് നികുതിയിളവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

സാധാരണക്കാര്‍ക്ക് ആശ്വാസം

സാധാരണക്കാരുടെയും പാവങ്ങളുടെയും ജീവിത നിലവാരമുയര്‍ത്താനുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് ധനമന്ത്രി തന്റെ അഞ്ചാമത്തെയും അവസാനത്തേതുമായ സമ്പൂര്‍ണ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എട്ട്‌കോടി സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും നാല്‌കോടിഭവനങ്ങള്‍ക്ക് വൈദ്യതിയും 2022-നകം മുഴുവന്‍ ഭവനരഹിതര്‍ക്കും വീടും പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു. 'മുദ്ര' യോജനയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ത്രീകളില്‍ അമ്പത് ശതമാനവും പട്ടികജാതിയില്‍പ്പെട്ടവരാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, വനിതകള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കാനും ബജറ്റ് വിഭാവനം ചെയ്യുന്നു.

ഗ്രാമീണമേഖലയ്ക്കും കാര്‍ഷികരംഗത്തിനും, തൊഴിലവസരവര്‍ദ്ധനവിനു സഹായകരമായ സമീപനം കൊണ്ടുമാത്രമേ സര്‍വ്വാശ്ലേഷിയായ വികസനം സാധ്യമാകൂ എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് സമ്പൂര്‍ണ്ണ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിലെ  തന്റെ കന്നി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടതു പോലെ ജനങ്ങള്‍ക്ക് സാമൂഹ്യനീതിയും, സാമ്പത്തിക സമത്വവും ഉറപ്പാക്കുന്ന ഒരു സര്‍ക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അതുകൊണ്ട് കര്‍ഷകരുടെയും, വനിതകളുടെയും ഉന്നമനം പ്രതീക്ഷിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങളാണ് ധനമന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ കാര്‍ഷിക ചെലവുകള്‍ നിയന്ത്രിച്ച് കര്‍ഷകരുടെ വരുമാനം പതിന്മടങ്ങായി വര്‍ദ്ധിപ്പിക്കാനുദ്ദേശിച്ചുള്ളതാണ്. കര്‍ഷകരുടെ കൃഷി സംബന്ധമായ ബുദ്ധിമുട്ടുകള്‍ പരമാവധി പരിഹരിച്ച് കൃഷി കര്‍ഷക സൗഹൃദമാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചരക്ക് സേവന നികുതി നടപ്പിലാക്കിയതിന് ശേഷം അവതരിപ്പിച്ച ആദ്യ ബജറ്റില്‍ സൂക്ഷ്മ - ചെറുകിട വ്യവസായങ്ങള്‍ക്ക് വര്‍ദ്ധിച്ച പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനും, പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനും, ഡിജിറ്റലൈസേഷനിലൂടെ ബിസിനസ്സ് ചെയ്യാനുള്ള സരളത വര്‍ദ്ധിപ്പിക്കാനും, ഓണ്‍ലൈന്‍ കച്ചവടം വ്യാപിപ്പിക്കാനുമുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ധനമന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് പ്രവര്‍ത്തന മൂലധനപ്രശ്‌നത്തിന് പരിഹാരം കാണാനും, നികുതി ഭാരം ഒഴിവാക്കാനും, ഈ മേഖലയിലെ നിഷ്‌ക്രിയ ആസ്തികള്‍ കുറച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്.

വളര്‍ച്ചാനിരക്കിലെ വര്‍ദ്ധന

അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും ഭാരതത്തെക്കുറിച്ചുള്ള വികസന വിശകലനവും വളര്‍ച്ചാ പ്രതീക്ഷയും ധനമന്ത്രിയുടെ വരുംവര്‍ഷത്തെ വികസന സ്വപ്‌നങ്ങളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട് എന്നുവേണം കരുതാന്‍. സാമ്പത്തിക കഷ്ടകാലങ്ങളില്‍നിന്ന് രാജ്യം കരകയറിയ സൂചനകള്‍ ഈ വിശകലനങ്ങള്‍ വ്യക്തമാക്കുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ ബജറ്റവതരണം.

രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് നിലവിലുള്ള 6.5 ശതമാനത്തില്‍നിന്നും ഏഴര ശതമാനമായി വര്‍ദ്ധിപ്പിക്കാനുള്ള സാമ്പത്തിക അടിസ്ഥാനം രണ്ട് ട്രില്ല്യന്‍ മൂല്യം വിലമതിപ്പുള്ള ഭാരതത്തിനുണ്ട് എന്നതാണ് ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വ്വെ വ്യക്തമാക്കുന്നത്. ധനക്കമ്മി ജിഡിപിയുടെ മൂന്ന് ശതമാനമെന്ന ലക്ഷ്യം കൈവരിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ ധനമന്ത്രിക്ക് ഏറെ പ്രയാസപ്പെടേണ്ടി വരില്ല എന്നു വേണം കരുതാന്‍.  ഈ ദിശയിലേക്കുള്ള ധനമന്ത്രിയുടെ ശ്രമവും മാനേജ്‌മെന്റ് വൈദഗ്ധ്യവും ശ്ലാഘനീയമാണ്. അഞ്ച് ശതമാനം വരെ ഉയര്‍ന്നുനിന്ന ധനക്കമ്മി കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് സര്‍ക്കാരിന്റെ നിരന്തരമായ ധനമാനേജ്‌മെന്റിന്റെ ഫലമായി മൂന്നര ശതമാനമായി കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. മൂന്നുശതമാനമെന്ന പ്രതീക്ഷിച്ച അവസ്ഥ കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലും 3.3 ശതമാനമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. സര്‍ക്കാരിന്റെ ചെലവിനങ്ങള്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ള മേഖലയില്‍ ഒതുക്കിനിര്‍ത്താന്‍ സാധിച്ചാല്‍ ഈ ധനക്കമ്മിയില്‍ സാമ്പത്തിക രംഗം കൂടുതല്‍ ശക്തമാക്കാമെന്നാണ് വിദഗ്ധാഭിപ്രായം. ആദായ നികുതിയില്‍ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും കൂടുതല്‍ പേരുടെ നികുതി റിട്ടേണുകള്‍ക്കൊപ്പം  ചരക്ക് സേവന നികുതിയിലെ അധിക വരുമാനം സര്‍ക്കാരിന് ആശ്വാസമാകേണ്ടതാണ്.

കുറെനാളത്തെ കുറഞ്ഞ നിരക്കിനുശേഷം ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഇന്ധനവില ലിറ്ററിന് എണ്‍പതിലേയ്ക്കുയര്‍ന്ന സാഹചര്യം ആശങ്കയുളവാക്കുന്നു. നികുതി നിരക്കിലും ഇന്ധന തീരുവയിലും ഒരു നീക്ക് പോക്കിന് ധനമന്ത്രി നിര്‍ബദ്ധനാണെന്ന് പൊതുവെ കരുതിയെങ്കിലും ഇന്ധനവിലയിലെ ചാഞ്ചാട്ടം ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു കണ്ടില്ല. വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയും, തൊഴിലില്ലായ്മയും, ഇറക്കുമതിയിലെ ചാഞ്ചാട്ടവും നേരിടാനുള്ള കര്‍മ്മപദ്ധതികള്‍ ധനമന്ത്രി പ്രത്യേകമായി സ്വീകരിക്കുമെന്നു വേണം കരുതാന്‍.

ഒരു ശതമാനത്തില്‍ താഴെയുള്ള മദ്ധ്യവര്‍ഗ്ഗ മേച്ചില്‍പുറമാണ് വികസനത്തിനായുള്ള വരുമാന  സ്രോതസ്സായി ധനമന്ത്രിമാര്‍ പരമ്പരാഗതമായി ആശ്രയിച്ചു പോരുന്നത്.  എഴുപത്തിയഞ്ച് ശതമാനത്തോളം ആദായനികുതിയും സമാഹരിക്കപ്പെടുന്ന മദ്ധ്യവര്‍ഗ്ഗത്തെ ധനമന്ത്രി  പരിഗണിച്ചില്ലെങ്കിലും ഉപദ്രവിച്ചിട്ടില്ല.  ഒരുലക്ഷം കോടിരൂപവരെ വരുമാനം പ്രതീക്ഷിക്കാവുന്ന ചരക്ക് സേവന നികുതി സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം വൈകിവന്ന ഒരു വരുമാന സ്രോതസ്സാണ്. എഴുപത്തിയയ്യായിരം കോടി രൂപ ശരാശരി വരുമാനം ഉണ്ടാക്കാവുന്ന ഏകദേശം ഒരു കോടി നികുതിദായകരുള്‍പ്പെട്ട പരോക്ഷനികുതിയായ ചരക്ക് സേവന നികുതിക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.

ഏഴര ശതമാനം വളര്‍ച്ചാനിരക്ക് എന്ന സാമ്പത്തിക സര്‍വ്വെയുടെ പ്രവചനം സാധിതമാക്കാനുള്ള വികസന പദ്ധതികളാണ് ധനമന്ത്രി ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. നോട്ട് നിരോധനം, ചരക്ക് സേവന നികുതി നടപ്പിലാക്കല്‍ തുടങ്ങിയ പരിഷ്‌കരണ പരിപാടികളില്‍ പ്രാരംഭദശയില്‍ ഉണ്ടായ കാര്‍ഷിക വ്യവസായ ഉത്പാദന മേഖലകളിലെ മാന്ദ്യം മറികടക്കാനുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. സുസ്ഥിരവികസനത്തിലേക്കുള്ള ഒരു ചൂണ്ടുപലകയായിട്ടുവേണം ഈ ബജറ്റിനെ നാം നോക്കിക്കാണാന്‍.

(കൊച്ചി സര്‍വകലാശാല മാനേജ്‌മെന്റ് വിഭാഗത്തിലെ മുന്‍ പ്രൊഫസറും ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ് ലിമിറ്റഡിന്റെ ഇന്‍ഡിപ്പെന്‍ഡന്റ ഡയറക്ടറുമാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.