ശ്രീജിത്തിന്റെ കേസ് ഒത്തുതീര്‍പ്പാക്കുന്നു

Friday 2 February 2018 2:30 am IST

കൊല്ലം: ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് 10 കോടിരൂപ തട്ടിയെടുത്തതിനെതിരെ നല്‍കിയ കേസ് ഒത്തുതീര്‍പ്പിലേക്ക്.  ഇന്നലെ മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിക്കവെ ഇരുകൂട്ടരുടെയും അഭിഭാഷകര്‍ ഒത്തുതീര്‍പ്പ് സന്നദ്ധത കോടതിയെ അറിയിച്ചു. കേസ് മാര്‍ച്ച് എട്ടിന് വീണ്ടും പരിഗണിക്കും. ഇടപ്പോണ്‍ ഐരാണിക്കുടി അശ്വതി ഭവനില്‍ രാഹുല്‍ കൃഷ്ണയാണ് മാവേലിക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

10 കോടിരൂപ വാങ്ങിയ ശേഷം ചെക്ക് നല്‍കി കബളിപ്പിച്ചെന്ന് ആരോപിച്ച് 2016 ഡിസംബര്‍ 24നാണ് രാഹുല്‍ കൃഷ്ണ അഡ്വ: ജോസഫ് ജോര്‍ജ് മുഖേന ഹര്‍ജി നല്‍കിയത്. കഴിഞ്ഞ രണ്ട് അവധിയില്‍ കോടതി തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുകൂട്ടരും ഹാജരാക്കിയില്ല. പകരം ഒത്തുതീര്‍പ്പ് സാധ്യത അറിയിക്കുകയായിരുന്നു. 

അടുത്ത അവധിക്ക് മുന്‍പ് പണം തിരികെ നല്‍കാമെന്ന് എന്‍. വിജയന്‍പിള്ളയും ശ്രീജിത്തും രാഹുല്‍ കൃഷ്ണയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സിപിഎം ആലപ്പുഴ, കൊല്ലം ജില്ലാ നേതൃത്വങ്ങള്‍ ഇടപെട്ടാണ് കേസ് ഒത്തുതീര്‍പ്പാക്കുന്നത്. 

2013 മുതല്‍ പലപ്പോഴായി ദുബായിലും ചവറയിലെ വീട്ടില്‍ വച്ചുമാണ് ശ്രീജിത്ത് രാഹുല്‍ കൃഷ്ണയില്‍ നിന്ന് പത്ത് കോടി രൂപ വാങ്ങിയത്. 2015 ജൂണിനു മുന്‍പു തിരിച്ചു നല്‍കാമെന്നായിരുന്നു ഉറപ്പ്. പണം നല്‍കാതെ ചെക്ക് നല്‍കി ശ്രീജിത്ത് കബളിപ്പിക്കുകയായിരുന്നു.  

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പണം ആവശ്യപ്പെട്ട് രാഹുല്‍കൃഷ്ണ വിജയന്‍പിള്ളയെ കണ്ടിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം തുക നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കപ്പെട്ടില്ല. തുടര്‍ന്നാണ് രാഹുല്‍ കൃഷ്ണ നിയമ നടപടികള്‍ സ്വീകരിച്ചത്. 

ഒരു വര്‍ഷം മുന്‍പ് കേസ് ഫയല്‍ ചെയ്‌തെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായ് ജാസ് ടൂറിസം കമ്പനിയില്‍ നിന്ന് 13 കോടി രൂപ തട്ടിയെടുത്തെന്ന പരാതി പുറത്തുവന്നതോടെയാണ് സുഹൃത്തായ ശ്രീജിത്തിന്റെ സാമ്പത്തിക ഇടപാടുകളും വിവാദമായത്. 

സുഹൃത്തുക്കളായ ബിനോയും ശ്രീജിത്തും ജാസ് ടൂറിസം കമ്പനി പാര്‍ട്ണര്‍ ആയ രാഹുല്‍ കൃഷ്ണയുടെ ഇടനിലയിലാണ് കോടികള്‍ വായ്പ എടുത്തത്. ചവറ കോടതിയിലും പോലീസിലും ശ്രീജിത്തിനെതിരെ സാമ്പത്തിക തട്ടിപ്പിന് രാഹുല്‍ കൃഷ്ണ ക്രിമിനല്‍ കേസ് നല്‍കിയിട്ടുണ്ട്. മാവേലിക്കരയില്‍ ഒത്തുതീര്‍പ്പിലായാല്‍ ഈ പരാതിയില്‍ നിന്നും രാഹുല്‍കൃഷ്ണ പിന്മാറും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.