ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

Friday 2 February 2018 2:30 am IST

തിരുവനന്തപുരം: ആരോഗ്യസ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നിയമസഭ പാസാക്കി. കിടത്തി ചികിത്സയുള്ള ആശുപത്രികള്‍, ക്ലിനിക്കുകള്‍, ദന്താശുപത്രികള്‍, മെറ്റേണിറ്റി ഹോം, നഴ്‌സിങ് ഹോം, ലബോറട്ടികള്‍, പത്തോളജി ലാബുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഇതിന്റെ പരിധിയില്‍ വരും. 

അതേസമയം, തദ്ദേശ സ്ഥാപനങ്ങളുടെയും സായുധ സേനകളുടെയും നിയന്ത്രണത്തിലുള്ള ചെറുകിട ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ഇളവ് ഉണ്ടാകും. ഡെന്റല്‍ ഉള്‍പ്പെടെയുള്ള മോഡേണ്‍ മെഡിസിന്‍, നാച്ചുറോപതി, ആയുര്‍വേദം, യുനാനി, സിദ്ധ, ഹോമിയോ തുടങ്ങി എല്ലാവിഭാഗം ചികിത്സാ കേന്ദ്രങ്ങള്‍ക്കും ഇത് ബാധകമാണ്. 

കളക്ടറുടേയും  ജില്ലാമെഡിക്കല്‍ ഓഫീസറുടെയും നേതൃത്വത്തില്‍ ജില്ലാതലങ്ങളില്‍ രൂപവത്കരിക്കുന്ന അതോറിറ്റിയിലാണ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ നല്‍കുന്നതിനൊപ്പം രോഗികള്‍ക്ക് ഭീഷണിയാകുന്ന സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും അധികാരമുണ്ടാകും. 

മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ മിനിമം യോഗ്യത, സുരക്ഷ, അണുബാധ നിയന്ത്രണം, ഗുണനിലവാരം എന്നിവ ഉറപ്പ് വരുത്തണം. പ്രധാന സ്ഥലത്ത് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണം. ഓരോ തരത്തിലുമുള്ള സേവനത്തിനും സൗകര്യങ്ങള്‍ക്കും ലഭ്യമായ നിരക്കുകളും, രോഗിക്ക് പ്രയോജനകരമായ രീതിയിലുള്ള പാക്കേജ് നിരക്കുകളും ഉണ്ടാക്കണം

ക്ലിനിക് അതേജില്ലയിലുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണെങ്കില്‍ രജിസ്‌ട്രേഷന്‍ പുതുക്കണം. 

ആദ്യം താല്‍കാലിക രജിസ്‌ട്രേഷനാണ് അനുവദിക്കുക. ഒരു വര്‍ഷമാണ് ഇതിന്റെ കാലാവധി. സ്വന്തമായി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കും.മിനിമം മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണെങ്കില്‍ സ്ഥിരമായി രജിസ്‌ട്രേഷന്‍ നല്‍കും. രജിസ്‌ട്രേഷന്‍ എടുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുന്നതിനൊപ്പം ആവര്‍ത്തിച്ചാല്‍ സ്ഥാപനം അടച്ച് പൂട്ടും. 

ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനായി സംസ്ഥാനതല കൗണ്‍സില്‍ രൂപവത്കരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.