ആര്‍എസ്എസ് സെല്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

Friday 2 February 2018 2:30 am IST

തിരുവനന്തപുരം: നിയമസഭയില്‍ ആര്‍എസ്എസിനെതിരെയുള്ള ഭരണകക്ഷി എംഎല്‍എമാരുടെ ചോദ്യത്തിനെതിരെ ഭരണമുന്നണിയില്‍ തന്നെ അമര്‍ഷം. ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തുന്ന തരത്തില്‍ സിപിഎം എംഎല്‍എമാര്‍ ചോദ്യം ഉന്നയിച്ചു എന്നാണ് മുതിര്‍ന്ന അംഗങ്ങളുടെ ആക്ഷേപം. 

തിരുവനന്തപുരം നഗരസഭയില്‍ നടന്ന ആക്രമണവും തുടര്‍നടപടികളും എന്ന വിഷയത്തില്‍ സിപിഎമ്മിലെ ഐ. ബി. സതീഷ്, ടി.വി.രാജേഷ്, ജോണ്‍ഫെര്‍ണാണ്ടസ് എന്നിവര്‍  ഉന്നയിച്ച ചോദ്യങ്ങളാണ് അമര്‍ഷത്തിന് ഇടയാക്കിയത്. 

നക്ഷത്രചിഹ്നമിട്ട് വന്ന ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിക്കുകയും ചെയ്തു. ബിജെപിയുടെ അഴിമതി ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണോ നഗരസഭയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ മേയറെ ആക്രമിച്ചത്, കൗണ്‍സില്‍ അംഗങ്ങള്‍ അല്ലാത്തവരെക്കൂടി ഉപയോഗിച്ച് മേയറെ ആക്രമിക്കാന്‍ ശ്രമിച്ചോ, ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. ആര്‍എസ്എസ് സെല്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

ആര്‍എസ്എസ് സെല്‍ ചോദ്യമാണ് മറ്റ് സിപിഎം അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണമുന്നണിയിലെ എംഎല്‍എ മാരുടെ അതൃപ്തിക്ക് ഇടയാക്കിയത്. വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ ഈ ചോദ്യം ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്നും ഇത്തരം സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് വകുപ്പ് രഹസ്യമായി കൈകാര്യം ചെയ്യേണ്ടതാണെന്നും സഭയ്ക്ക് പുറത്ത് അഭിപ്രായം ഉയര്‍ന്നു.

ചോദ്യത്തിനെതിരെ ഒ.രാജഗോപാല്‍ രംഗത്തു വന്നു. ഇത്തരം ചോദ്യങ്ങള്‍ രാഷ്ട്രീയമായ ദുര്‍വ്യാഖ്യാനത്തിന് ഇടയാക്കും. കൗണ്‍സിലര്‍മാര്‍ക്കെതിരെ കള്ളക്കേസ് എടുത്തിരിക്കുകയാണ്. നഗരസഭാ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമായിരുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.