യെച്ചൂരി ലൈനിനെ അനുകൂലിച്ച് വിഎസ് സിപിഐ സമ്മേളനത്തില്‍

Friday 2 February 2018 2:30 am IST

കൊച്ചി: കേന്ദ്രകമ്മറ്റിയില്‍ പരാജയപ്പെട്ട  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ലൈനിനെ അനുകൂലിച്ച് വി.എസ്. അച്ചുതാനന്ദന്‍ വീണ്ടും രംഗത്ത്. സിപിഐ എറണാകുളം ജില്ലാ സമ്മേളന ഭാഗമായി സംഘടിപ്പിച്ച  ഫാസിസ്റ്റ് വിരുദ്ധ സംഗമം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്താണ് വിഎസ് യെച്ചൂരിയെ പിന്തുണച്ചത്. 

ഫാസിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇടതുപക്ഷം മാത്രം വിചാരിച്ചാല്‍ നടക്കില്ല. മറ്റ് മതേതര പാര്‍ട്ടികളെ   കൂട്ടി ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉണ്ടാക്കണമെന്ന് വിഎസ് പറഞ്ഞു. കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന യെച്ചൂരി ലൈനിന് എതിരായിരുന്നു കേരളത്തിലെ സിപിഎം നേതൃത്വം. എന്നാല്‍ യെച്ചൂരിയെ അനുകൂലിച്ച് മുമ്പും വി.എസ് രംഗത്ത് വന്നിരുന്നു. സിപിഐയും യെച്ചൂരി  ലൈന്‍ അനുകൂലിക്കുന്നവരാണ്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി കൊണ്ടുള്ള വിഎസിന്റെ സിപിഐ വേദിയിലെ പ്രസംഗം പാര്‍ട്ടിക്കുള്ളില്‍ വീണ്ടും ചര്‍ച്ചയാകും. 

സിപിഎം സമ്മേളനങ്ങളില്‍ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയിരുന്ന വിഎസിനെ സിപിഐ നേതാക്കള്‍ എറണാകുളം സമ്മേളനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. കഴിഞ്ഞദിവസം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് വിഎസ് നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ശാരീരിക അസ്വസ്ഥതകള്‍ മൂലം വീഡിയോ കോണ്‍ഫറന്‍സ് വഴി തിരുവനന്തപുരത്തിരുന്ന് കൊച്ചിയിലെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

സിപിഎം പുറത്താക്കിയ ഒരുകൂട്ടം നേതാക്കള്‍ ഇപ്പോള്‍ സിപിഐയുടെ എറണാകുളത്തെ ഭാരവാഹികളാണ്. ഇവരുടെ കൂടി ഇടപെടലിനെ തുടര്‍ന്നാണ് വി.എസ്. സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചത്. വിഎസ് സിപിഐ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനോട് സിപിഎമ്മിലെ ഒരുവിഭാഗത്തിന് താത്പര്യമില്ലായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.